ഞങ്ങളുടെ കുടുംബത്തിലെ ഒരാളെയാണ് നഷ്ടപ്പെട്ടത്; മൻമോഹൻ സിങ്ങിന്റെ വിയോഗത്തിന്റെ ദുഃഖത്തിൽ പാകിസ്താൻ ഗ്രാമം

ഇസ്‍ലാമബാദ്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിന്റെ ദുഃഖത്തിൽ പാകിസ്താനിലെ ഗ്രാമമായ ഗാഹ്. ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ മരിച്ച ദുഃഖമാണ് തങ്ങൾക്കുള്ളതെന്ന് ഗ്രാമീണർ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. മൻമോഹന്റെ മരണത്തിന് പിന്നാലെ ഗ്രാമീണർ എല്ലാവരും ചേർന്ന് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുവെന്ന് ഗാഹ് നിവാസിയായ അൽതാഫ് ​ഹുസൈൻ പറഞ്ഞു.

മൻമോഹൻ സിങ് നാല് വരെ പഠിച്ച അതേ വിദ്യാലയത്തിലെ അധ്യാപകനാണ് അൽത്താഫ് ഹുസൈൻ. മൻമോഹൻ സിങ്ങിന്റെ പിതാവ് ഗുരുമുഖ് സിങ് വസ്ത്രവ്യാപാരിയും അമ്മ അമൃത് കൗർ വീട്ടമ്മയുമാണ്. മോഹ്ന എന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ വിളിച്ചിരുന്നത്.ഇസ്‍ലാമാബാദിൽ നിന്നും തെക്ക്-പടിഞ്ഞാറായി 100 കിലോ മീറ്റർ അകലെയായി ഝലം ജില്ലയുടെ ഭാഗമായിരുന്നു മൻ​മോഹൻ ജനിച്ച ഗാഹ് ഗ്രാമം . പിന്നീട് ജില്ലയുടെ വിഭജനം നടത്തിയപ്പോൾ 1986ൽ ഗ്രാമം ചക്ക്‍വാൽ ജില്ലയുടെ ഭാഗമായി.

എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയാക്കി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിഗംബോധ് ഘാട്ടിലെത്തിയിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മൻമോഹൻ സിങ്ങി​ന്റെ സംസ്കാരം.എ.ഐ.സി.സി ആസ്ഥാനത്ത് മൻമോഹൻ സിങിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഡി.കെ ശിവകുമാർ വിവിധ കോൺഗ്രസ് മുഖ്യമന്ത്രിമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഡല്‍ഹിയിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാൽ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചു. സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തിൽ ദേശീയപതാക പുതപ്പിച്ചു.

മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.

Tags:    
News Summary - We Feel Someone From Our Family Has Died': Pakistan's Gah Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.