തകർന്ന വിമാനഭാഗം. ഉൾചിത്രത്തിൽ വിശ്വാസ് കുമാർ

'വിശ്വാസ് കുമാർ എമർജൻസി വാതിൽ തുറന്നതാണോ വിമാനാപകടത്തിന് കാരണം?'; ഒരിക്കലുമല്ല, കാരണങ്ങൾ നിരത്തി വ്യോമയാന വിദഗ്ധൻ

270 പേർ കൊല്ലപ്പെട്ട അഹ്മദാബാദ് വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ. വിമാനം അപകടത്തിൽപെട്ടപ്പോൾ സീറ്റുൾപ്പെടെ പുറത്തേക്ക് തെറിച്ചുവീണതോടെയാണ് വിശ്വാസ് കുമാറിന് രക്ഷപ്പെടാനായത്. തീഗോളമായി മാറുന്ന വിമാനത്തിനരികിൽ നിന്ന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടുവരുന്ന വിശ്വാസ് കുമാറിന്‍റെ വിഡിയോകൾ പ്രചരിച്ചിരുന്നു. ദുരന്തത്തെ അതിജീവിക്കാൻ കഴിഞ്ഞ വിശ്വാസ് കുമാറിനെ ധീരനായകനായി വാഴ്ത്തിയിരുന്നു സമൂഹമാധ്യമങ്ങൾ. എമർജൻസി വാതിലിനരികിൽ ഇരുന്നതാണ് വിശ്വാസ് കുമാർ രക്ഷപ്പെടാൻ കാരണമായതെന്ന് വിലയിരുത്തലുകളും വന്നു.

എന്നാൽ, വിശ്വാസ് കുമാറിനെ വാഴ്ത്തിയ സമൂഹമാധ്യങ്ങൾ തന്നെ ഏതാനും നാൾക്കകം നിറംമാറുന്ന കാഴ്ചയും കണ്ടു. വിമാനം പറന്നുയരുന്നതിനിടെ വിശ്വാസ് കുമാർ എമർജൻസി വാതിലുകൾ തുറന്നതാണ് അപകടത്തിന് കാരണമായത് എന്ന നിലയിലായിരുന്നു യാതൊരു അടിസ്ഥാനവുമില്ലാത്ത വാദങ്ങൾ. എന്തും വൈറലാകുന്ന സമൂഹമാധ്യമങ്ങളിൽ, ചിലർ പടച്ചുവിട്ട ഈ വാദങ്ങളും വ്യാപകമായി പ്രചരിച്ചു. അങ്ങനെ പറക്കുന്നതിനിടെ ഒരാൾക്ക് എളുപ്പം തുറക്കാൻ സാധിക്കുന്നതാണോ വിമാനത്തിലെ എമർജൻസി വാതിൽ? പ്രചാരണത്തിൽ എന്തെങ്കിലും വസ്തതുതയുണ്ടോ? അത്തരം പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് കാര്യകാരണ സഹിതം വിശദീകരിക്കുകയാണ് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ. ഫിലിപ്പ്.

ജേക്കബ് കെ. ഫിലിപ്പിന്‍റെ കുറിപ്പ് വായിക്കാം....

എയർ ഇന്ത്യ വിമാനാപകടത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരൻ, 11 എ സീറ്റിലിരിക്കുകയായിരുന്ന വിശ്വാസ് കുമാർ രമേഷ്, സീറ്റിനടുത്തുള്ള എമര്ജൻസി വാതിൽ വലിച്ചു തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത് എന്ന 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തൽ കുറേ സമൂഹ്യമാധ്യമ പോസ്റ്റുകളിലും പോസ്റ്ററുകളിലും കണ്ടതുകൊണ്ടാണ് ഈ കുറിപ്പ്.
അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളെപ്പറ്റി ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കാനും അപഖ്യാതി പരത്താനും എങ്ങിനെ കഴിയുന്നു എന്ന അമ്പരപ്പ് മാറ്റിവച്ച്, ആ ആരോപണം സത്യമാകാൻ എത്രമാത്രം സാധ്യതയുണ്ട് എന്നതുമാത്രം എഴുതിയിടാമെന്നു കരുതി.


അറുനൂറടിപ്പൊക്കത്തിൽ പറന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ-ഈ സംഭവത്തിൽ ബോയിങ് 787- എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന് കഴിയുമോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം.
കഴിയില്ല എന്നതു തന്നെയാണ് ഉത്തരം.


എന്തുകൊണ്ടു കഴിയില്ല എന്നതിന്റെ ചുരുക്കത്തിലുള്ള ഉത്തരമിതാ-
പറക്കലിനിടയിൽ ഒരുകാരണവശാലും തുറക്കാതിരിക്കാൻ, അല്ലെങ്കിൽ തുറന്നുപോകാതിരിക്കാനായുള്ള പല അടരുകളായുളള സുരക്ഷാ സംവിധാനങ്ങളോടെയായാണ് എല്ലാ വിമാനങ്ങളും നിർമ്മിച്ചിട്ടുള്ളത്.
കാബിനുള്ളിലെ ഉയർന്ന വായുമർദ്ദമാണ് ആദ്യത്തേത്.
അന്തരീക്ഷവായുവിന്റെ മർദ്ദം മുകളിലേക്കു പോകുന്തോറും കുറഞ്ഞുവരും എന്നറിയാമല്ലോ.
മനുഷ്യർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ഈ മർദ്ദക്കുറവിനു പരിഹാരമായി വിമാനത്തിനുള്ളിലെ വായു മർദ്ദം എപ്പോഴും കൂട്ടി വയ്ക്കും. അകത്തേക്കു തുറക്കുന്ന മട്ടിൽ ഘടിപ്പിച്ചിരിക്കുന്ന വിമാനവാതിലിൻമേൽ, ഈ മർദ്ദവ്യത്യാസം മൂലം എല്ലായ്‌പ്പോഴും പുറത്തേക്കുള്ള നല്ല തള്ളലുണ്ടാവും. വാതിൽ വലിച്ചു തുറക്കുന്നത് മനുഷ്യസാധ്യമല്ലാതെയാക്കുന്ന ഈ തള്ളൽ എത്രയാണെന്നു നോക്കുക-
അകത്തെ വായുവിന്റെ മർദ്ദം പുറത്തെ അന്തരീക്ഷ മർദ്ദത്തേക്കാൾ 1 പി.എസ്‌.ഐ കൂടുതലാണെന്നു കരുതുക. ഒരു പി.എസ്‌.ഐ എന്നാൽ ചതുരശ്ര സെന്റിമീറ്റിൽ 0.07031 കിലോഗ്രാം എന്ന നിരക്കിലുള്ള തള്ളലാണെന്നതിനാൽ, 268 സെന്റിമീറ്റർ പൊക്കവും 170 സെന്റിമീറ്റർ വീതിയുമുള്ള ബോയിങ് 787 വിമാന വാതിലിൻമേൽ അകത്തു നിന്നു പുറത്തേക്കുള്ള വായുവിന്റെ തള്ളൽ 3203.32 കിലോഗ്രാമായിരിക്കും.
മൂന്നു ടണ്ണിലേറെ ബലത്തിൽ വാതിൽ പിടിച്ചു വലിക്കാൻ കഴിയുന്ന യാത്രക്കാരില്ലാത്തിടത്തോളം കാലം പേടിക്കേണ്ടതില്ലെന്നർഥം.


വിമാനം മുകളിലേക്ക് കയറുന്തോറും അകത്തും പുറത്തും തമ്മിലുള്ള ഈ മർദ്ദവ്യത്യാസം ഏറിക്കൊണ്ടിരിക്കുകയും വാതിലിന്മേൽ അകത്തു നിന്ന് പുറത്തേക്കുള്ള തള്ളൽ ഭീമവും അതി ഭീമവുമായിക്കൊണ്ടിരിക്കുകയും ചെയ്യും.
അപ്പോൾ സ്വാഭാവികമായും തോന്നാവുന്ന ഒരു ആശങ്കയുണ്ട്.
എയർ ഇന്ത്യവിമാനം പറക്കുകയായിരുന്ന അറുനൂറടി പോലെയുള്ള കുറഞ്ഞ പൊക്കങ്ങളിൽ ഈ മർദ്ദ വ്യത്യാസം സ്വാഭാവികമായും തീരെ കുറവായിരിക്കുമല്ലോ. ചിലപ്പോൾ വ്യത്യാസമേ ഇല്ലെന്നും വരാം. അപ്പോൾ വാതിൽ ഉള്ളിൽ നിന്ന് ഉള്ളിലേക്ക് വലിച്ചു തുറന്നു കൂടേ?
അവിടെയാണ് വിമാനത്തിലെ ഫ്‌ളൈറ്റ് ലോക്ക് സിസ്റ്റം എന്ന പൂട്ടൽ സംവിധാനത്തിന്റെ പ്രസക്തി.
വിമാനം തറയിൽ നിന്നുയർന്നാലുടൻ പൂട്ടുകൾ തനിയെ വീഴുമെന്നത് ആദ്യത്തെകാര്യം. വീണ പൂട്ടുകൾ തൽസ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത് വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്ന ഇലക്ട്രോണിക് മെക്കാനിക്കൽ സംവിധാനങ്ങളാണ്. വലിച്ചു തുറക്കാൻ ശ്രമിച്ചാൽ ഒരിഞ്ചുവിട്ടുതരില്ല ഇവ.


പിന്നെ എയർഹോസ്റ്റസുമാർ തുറക്കുന്നതോ?
പറക്കലിനിടെ തുറക്കാൻ അവർക്കും കഴിയില്ല.
വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുമ്പോൾ കാബിൻ ക്രൂ ഈ വാതിലുകൾ തുറക്കുന്നത് കൃത്യമായി പഠിച്ചിട്ടുള്ളതുകൊണ്ടാണ്. ആദ്യമായി തൊടുന്നയാൾക്ക്, വാതിൽപ്പിടി എങ്ങിനെ തിരിക്കണമെന്നും കറക്കണമെന്നുമൊക്കെയുള്ള സങ്കീർണ്ണമായ നടപടി ക്രമത്തെപ്പറ്റി ഒരു പിടിയും കിട്ടില്ല.
പക്ഷേ വിശ്വാസ് കുമാറിനടുത്തുണ്ടായിരുന്നത് എമർജൻസി എക്‌സിറ്റല്ലേ? അതു തുറക്കാൻ താരതമ്യേന എളുപ്പമാണല്ലോ?.
ഡ്രീംലൈനർ വിമാനത്തിന്റെ എല്ലാ വാതിലുകളും ഒരേ പോലെയുള്ളതാണ് എന്നതാണ് ഇതിനുള്ള ഉത്തരം.
പേര് എമർജൻസി എക്‌സിറ്റെന്നാണെങ്കിലും മറ്റുവാതിലുകളുമായി വ്യത്യാസമൊന്നുമില്ല. തുറക്കാൻ, പരിശീലനം കിട്ടിയ കാബിൻക്രൂ തന്നെ വേണം.


വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്നവയാണ് ലോക്കുകളെന്ന് നേരത്തേ പറഞ്ഞല്ലോ. അതിനാൽ, ഈ അപകടത്തിനു മുമ്പ് 'റാറ്റ്' പ്രവർത്തിച്ചിരുന്നത് വൈദ്യുതി പൂർണമായി നിലച്ചിരുന്നതിനാലാണ് എന്ന് വ്യക്തമായ സ്ഥിതിക്ക്, അത് വാതിൽപ്പൂട്ടുകളെയും ബാധിച്ചിട്ടുണ്ടാവില്ലേ എന്ന സംശയമുണ്ടാകാം.
പേടിക്കേണ്ടതില്ല എന്നാണ് അവിടെയും ഉത്തരം.
-വൈദ്യുതി നിലച്ചാൽ പൂട്ടുകൾ, പൂട്ടിയ നിലയിലായിരിക്കും നിശ്ചലമാവുക എന്നതാണ് കാരണം. കറന്റു പോയാലുടൻ വാതിൽ തുറന്നു ചാടാനാവില്ലെന്നർഥം.


വിമാനം തുറക്കാൻ കഴിയുന്ന വേറൊരു കൂട്ടരുണ്ട്- അത് വിമാന അറ്റകുറ്റപ്പണി നടത്തുന്ന, പ്രത്യേക പരിശീലനം കിട്ടിയവരാണ്. വിമാനത്തിന്റെ വാതിൽ തകരാറെന്തെങ്കിലും വന്ന് അനക്കാൻ വയ്യാതായാൽ വാതിൽപ്പാളിയിലെ ചില പാനലുകൾ അഴിച്ചുമാറ്റി അവർക്ക് വാതിൽ തുറക്കാനാവും- ്അതും വിമാനം എയർപോർട്ടിൽ നിർത്തിയിട്ടിരിക്കുമ്പോൾ മാത്രം.


വിശ്വാസ് കുമാർ രമേഷ് വാതിൽ തുറന്നു പുറത്തുചാടി വിമാനം തകർത്തില്ല എന്ന് ചുരുക്കം.

Tags:    
News Summary - Was Vishwas Kumar opening the emergency door the cause of the plane crash? No way, aviation expert gives reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.