വഖഫ് ഹരജികൾ പുതിയ ബെഞ്ചിലേക്ക്; മേയ് 15ന് പരിഗണിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു. മേയ് 15ന് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് യുടെ നേതൃത്വത്തിലുള്ള ബെഞ്ച് എല്ലാ ഹരജികളും പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

വഖഫ് ഭേദഗതി നിയമം സ്റ്റേചെയ്യണമെന്ന ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. ഇതിനായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ചേരുകയും ചെയ്തു. എന്നാല്‍  ഇടക്കാല ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കേണ്ടിവരുമെന്നും അടുത്ത ആ​ഴ്ച വിരമിക്കുന്ന സാഹചര്യത്തിൽ അതിന് സമയമില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

മേയ് 14ന് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റതിന് പിന്നാലെ വഖഫ് ഹരജികൾ സുപ്രീംകോടതി പരിഗണിക്കും. മേയ് 13നാണ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുന്നത്. ജസ്റ്റിസ് ബി.ആർ. ഗവായ് ആണ് അടുത്ത ചീഫ് ജസ്റ്റിസ്. 

വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മേയ് അഞ്ച് വരെ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ​ ചെയ്യുകയോ കേന്ദ്ര വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും നിയമനങ്ങൾ നടത്തുകയോ ചെയ്യി​ല്ലെന്നും ഏ​പ്രിൽ 17ന് കേന്ദ്രം സുപ്രീംകോടതിയിൽ ഉറപ്പു നൽകുന്നു.

ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാന അര്‍ഷദ് മദനി, എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി, ഡല്‍ഹി എം.എല്‍.എ അമാനത്തുല്ലാ ഖാന്‍, എ.പി.സി.ആര്‍, സമസ്ത കേരള ജംയ്യത്തുല്‍ ഉലമ, അഞ്ജും കാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഫസലുല്‍ റഹീം, ആര്‍.ജെ.ഡി എം.പി മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹരജികളാണ് പരിഗണിക്കുക. തൃണമൂൽ കോൺഗ്രസും കഴിഞ്ഞ ദിവസം വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹരജി സമർപ്പിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഹരജി നൽകിയത്. നിയമം പാർലമെന്‍ററി നടപടികളുടെ ലംഘനമാണെന്നും ജെ.പി.സി ചെയർമാൻ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.

Tags:    
News Summary - Waqf Law case to be heard by incoming CJI BR Gavai on May 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.