വോട്ടർ ഡേറ്റ ചോർത്തൽ: മൂന്ന്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന്‍റെ പരിശീലനത്തിന്‍റെ മറവിൽ കർണാടകയിൽ സ്വകാര്യ സ്ഥാപനം വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബംഗളൂരു മുനിസിപ്പൽ കോർപറേഷനായ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ആണ് നടപടിയെടുത്തത്.

ബംഗളൂരുവിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളുടെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ഇ.ആർ.ഒ) ആണ് ഇവർ. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവിൽ 'ഷിലുമെ എജുക്കേഷനൽ കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് (ഷിലുമെ ട്രസ്റ്റ്) ബംഗളൂരുവിലെ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ചോർത്തി എന്നാണ് കേസ്.

ബി.എൽ.ഒമാർക്ക് സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ ഷിലുമെ നിയമിച്ച ആളുകൾക്ക് നൽകിയത് ഈ ഉദ്യോഗസ്ഥർ ആണെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മഹാദേവപുര മണ്ഡലത്തിന്‍റെ ചുമതലയുള്ള കെ. ചന്ദ്രശേഖർ, ചിക്പേട്ടിന്‍റെ ചുമതലയുള്ള വി.ബി. ഭീമശങ്കർ, ശിവാജിനഗറിന്റെ ചുമതലയുള്ള സുഹൈൽ അഹ്മദ് എന്നിവരെയാണ് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് സസ്പെൻഡ് ചെയ്തത്.

ഇവരോട് നഗരം വിടരുതെന്നും മാതൃവകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. സ്വകാര്യ സ്ഥാപനം നിയോഗിച്ച വ്യക്തികൾക്ക് ബ്ലോക്ക് ലെവൽ ഓഫിസർ (ബി.എൽ.ഒ) എന്ന് രേഖപ്പെടുത്തിയ ഇ.ആർ.ഒമാർ ഒപ്പിട്ട തിരിച്ചറിയൽ കാർഡുകളാണ് നൽകിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം സ്വകാര്യ വ്യക്തികൾക്ക് ഇത്തരം തിരിച്ചറിയൽ കാർഡുകൾ അനുവദിക്കാൻ പാടില്ല.

സംഭവത്തിൽ പൊലീസിന്‍റേയും തെരഞ്ഞെടുപ്പ് കമീഷന്‍റെയും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഷിലുമെയുടെ സഹസ്ഥാപകനായ കൃഷ്ണപ്പ രവികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്‍റെ ഡയറക്ടർമാരിലൊരാളായ രേണുക പ്രസാദ്, എച്ച്.ആർ. ജീവനക്കാരൻ ധർമേഷ് എന്നിവരും നേരത്തേ അറസ്റ്റിലായിട്ടുണ്ട്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറിന് കീഴിലുള്ള ബി.ബി.എം.പി ആണ് ഷിലുമെക്ക് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവിൽ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയത്.

Tags:    
News Summary - Voter data theft: three officials suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.