തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ്, ഡി.എം.കെ ബന്ധം ഉലയുന്നു

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസുമായി ഡി.എം.കെ ഇടയുന്നു. ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പും വിരുതുനഗർ എം.പിയുമായ മാണിക്കം ടാഗോർ, ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ഡി.എം.കെക്കെതിരെ പരസ്യ വിമർശനങ്ങളും വെല്ലുവിളികളും നടത്തിയതാണ് ഡി.എം.കെയെ പ്രകോപിപ്പിച്ചത്.

ഇവർക്കെതിരെ നടപടിയെടുക്കാത്തപക്ഷം കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച നടത്താനില്ലെന്ന് ഡി.എം.കെ നേതൃത്വം ഹൈകമാൻഡിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തമിഴ്നാട് പി.സി.സി പ്രസിഡന്റ് ശെൽവപെരുന്തകയെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു.

ഡി.എം.കെ സഖ്യത്തിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും ഭരണ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നുമാണ് സംസ്ഥാന കോൺഗ്രസിന്റെ പൊതുവായ നിലപാട്. എന്നാൽ, ഇതേ ആവശ്യമുന്നയിച്ച് മാണിക്കം ടാഗോറും പ്രവീൺ ചക്രവർത്തിയും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ ഡി.എം.കെയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തുകയായിരുന്നു. വിജയ് യുടെ ടി.വി.കെയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യവും ഉയർന്നു.

ഒരുഘട്ടത്തിൽ പ്രവീൺ ചക്രവർത്തി വിജയ് യുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡി.എം.കെ നേതാവ് കനിമൊഴി രാഹുൽഗാന്ധിയെ കണ്ട് പരാതി പറഞ്ഞത്. തുടർന്ന് കോൺഗ്രസ് ഹൈകമാൻഡ് പരസ്യ പ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ, ഇതിനുശേഷവും മാണിക്കം ടാഗോറും കൂട്ടരും ഡി.എം.കെക്കെതിരെ വിമർശനം തുടർന്നത് ഡി.എം.കെയെ അസ്വസ്ഥമാക്കി. ആത്മാഭിമാനം പണയപ്പെടുത്തി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന ആവശ്യവുമായി ചെന്നൈയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

ഡി.എം.കെയുമായി സീറ്റ് വിഭജന ചർച്ചക്കും മറ്റുമായി തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഗിരീഷ് സോഡങ്കറിന്റെ നേതൃത്വത്തിൽ രണ്ട് മാസം മുമ്പേ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഈ സമിതിയുമായി ചർച്ച നടത്താൻ ഡി.എം.കെ തയാറായിട്ടില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസിന് 25 സീറ്റുകളാണ് ലഭിച്ചത്. ഇതിൽ 18 സീറ്റുകളിൽ വിജയം നേടി.

സഖ്യം തുടരും -കെ.സി. വേണുഗോപാൽ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഡി.എം.കെ സഖ്യം തുടരുമെന്ന് കോൺഗ്രസ് സംഘടന സെക്രട്ടറി കെ.സി. വേണുഗോപാൽ. സഖ്യം സംബന്ധിച്ച് എല്ലാവരും അഭിപ്രായം പറയേണ്ടതില്ല. ഇതു സംബന്ധിച്ച് ഏതെങ്കിലും നേതാക്കളുടെ പ്രസ്താവന കോൺഗ്രസിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യത്തിനെതിരായി ആരെങ്കിലും പ്രസ്താവന നടത്തിയാൽ നടപടി ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാക്കളായ മാണിക്കം ടാഗോർ എം.പി, പ്രവീൺ ചക്രവർത്തി എന്നിവരുടെ പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിലാണ് വേണുഗോപാൽ നിലപാട് വ്യക്തമാക്കിയത്. 

Tags:    
News Summary - Tamil Nadu Assembly elections; Congress, DMK ties fray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.