കുഴഞ്ഞുവീണ തൃണമുൽ എം.പി മിതാലി ബാഗിനെ വാഹനത്തിലേക്ക് മാറ്റുന്നു
ന്യൂഡൽഹി: വോട്ടുമോഷണത്തിനും വോട്ടുബന്ദിക്കുമെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എം.പിമാരും നേതാക്കളും നടത്തിയ മാർച്ച് തലസ്ഥാന നഗരിയെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കേരളത്തിൽ നിന്നുള്ള എം.ഡി ഡീൻ കുര്യാക്കോസും തൃണമൂൽ നേതാവ് ഡെറിക് ഒബ്റേനും അടക്കം ഏതാനും എം.പിമാർ ബാരിക്കേഡ് ചാടിക്കടന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വനിതാ എം.പിമാരായ സുസ്മിതാ ദേവ്, മഹുവ മൊയ്ത്ര, സാഗരിക ഘോഷ്, മിതാലി ബാഗ്, ജ്യോതിമണി, സഞജന ജാടവ് തുടങ്ങിയവർ ബാരിക്കേഡിന് മുകളിൽ കയറിപ്പറ്റി.
അഖിലേഷിനെ പോലെ ബാരിക്കേഡ് മറികടന്ന് അപ്പുറത്തേക്ക് ചാടിയ തൃണമുൽ എം.പി മിതാലി ബാഗിനെ പിടിച്ച് തിരികെ കയറ്റി താഴേക്ക് വലിച്ചിട്ടു. മിതാലി ബാഗ് പിന്നീട് പൊലീസ് ബസിൽ കുഴഞ്ഞുവീണു. പ്രിയങ്ക ഗാന്ധി വെള്ളം കൊടുത്തെങ്കിലും അസ്വസ്ഥതയേറിയതിനെ തുടർന്ന് രാഹുൽ ഗാന്ധിയും ജോൺ ബ്രിട്ടാസും തൃണമുൽ വനിതാ എം.പിമാരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ബസിൽ നിന്നിറക്കി കാറിലേക്ക് മാറ്റി. പൊലീസ് ബാരിക്കേഡിന് മുകളിൽ നിന്ന് ബലം പ്രയോഗിച്ചിറക്കിയ മഹുവ മൊയ്ത്രക്കും പൊലീസ് കസ്റ്റഡിയിൽ ബസിനകത്ത് ദേഹാസ്വാസ്ഥ്യമുണ്ടായി.
300 പ്രതിപക്ഷ എം.പിമാരെ കാണുന്നതിന് പകരം 30 പ്രതിപക്ഷ നേതാക്കളെ മാത്രം കാണാമെന്ന കമീഷന്റെ നിലപാട് തള്ളി എം.പിമാർ ഒന്നടങ്കം റോഡിൽ പ്രതിഷേധം തീർത്തത് സംഘർഷാവസ്ഥക്കും നാടകീയ രംഗങ്ങൾക്കും വഴിയൊരുക്കി. നേതാക്കളും എം.പിമാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. നാല് ബസുകളിലായി 300 എം.പിമാരെ കുത്തിക്കയറ്റിയാണ് പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
കൊടും ചൂടിൽ വിയർത്തൊലിച്ചിട്ടും സമരവീര്യം കെടാതെ ബസിലും മുദ്രാവാക്യം തുടർന്ന പ്രതിപക്ഷ എം.പിമാർ പ്രതിഷേധ സ്വരമുയർത്തിയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനകത്തേക്കും പോയത്. ഉച്ചക്ക് രണ്ടര മണിയോടെ പാർലമെന്റിന്റെ ഇരുസഭകളിലും തിരികെയെത്തിയ എം.പിമാർ സഭക്കുള്ളിലേക്ക് ഓടിക്കയറി പ്രതിഷേധം തുടർന്നു. കമീഷൻ ആസ്ഥാനത്തേക്ക് ജനാധിപത്യ രീതിയിൽ മാർച്ച് നടത്തിയ തങ്ങളെ അറസ്റ്റ് ചെയ്തത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു. സംസാരത്തിനിടെ ഖാർഗെയുടെ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
നാളിതുവരെ കാണാത്ത പ്രതിപക്ഷ പ്രതിഷേധത്തിനാണ് ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 300ൽ പരം പ്രതിപക്ഷ എം.പിമാരാണ് പാർലമെന്റ് സ്തംഭിപ്പിച്ച് ഒറ്റക്കെട്ടായി തെരുവിലേക്കിറിങ്ങിയത്. ബി.ജെ.പിയുമായി ചേർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ച് രാവിലെ 11.30ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ലക്ഷ്യസ്ഥാനത്തിന് വിളിപ്പാടകലെ പാർലമെന്റ് സ്ട്രീറ്റിൽ ഡൽഹി പൊലീസ് തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കി. ഇൻഡ്യ സഖ്യത്തിലെ എം.പിമാർക്ക് പുറമെ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയെയും കൂട്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധം വരാനിരിക്കുന്ന സമരങ്ങളുടെ താക്കീതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.