ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദിെൻറ പ്രഭാഷണം എന്ന പേരില്‍ ചാനലുകള്‍ വ്യാപകമായി പ്രചരിപ്പിച്ച, നിസാമുദ്ദീന്‍ മര്‍കസിനെതിരായ തെളിവായി എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയ വിവാദ ഓഡിയോ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് ഡല്‍ഹി പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കൊറോണ വൈറസ് തടയുന്നതിനുള്ള സാമൂഹിക അകലവും നിരോധന ഉത്തരവുകളും തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ പാലിക്കേണ്ടെന്ന് മൗലാന സഅദ് പറഞ്ഞുവെന്നതിന് തെളിവായി കാണിച്ച ഓഡിയോ ക്ലിപ് നിരവധി ഓഡിയോ ഫയലുകള്‍ മുറിച്ചു കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് മര്‍കസില്‍ രണ്ടായിരത്തിലേറെ പ്രവര്‍ത്തകര്‍ കുടുങ്ങിയപ്പോഴാണ് മര്‍കസിനെതിരെ മാധ്യമങ്ങളും ഡല്‍ഹി പൊലീസും ഡല്‍ഹി സര്‍ക്കാറും വ്യാപക പ്രചാരണം അഴിച്ചുവിട്ടത്. ഇതിെൻറ ഭാഗമായാണ് ഓഡിയോ ക്ലിപ് മാര്‍ച്ച് 21ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന വാര്‍ത്ത ചാനലുകൾ നല്‍കിയത്. ഈ ഓഡിയോ ക്ലിപ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിെൻറ ഭാഗമാക്കുകയും ചെയ്തു.
അന്വേഷണത്തിെൻറ ഭാഗമായി തബ്ലീഗ് ആസ്ഥാനത്തെ ഒരാളില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പില്‍നിന്ന് മൗലാന സഅദിെൻറ ഓഡിയോ ക്ലിപ്പുകള്‍ കിട്ടിയിരുന്നു. മര്കസിലെ വിവിധ പരിപാടികളുടെ 350 ഓഡിയോ ക്ലിപ്പുകൾ ലഭിച്ചതിൽ വൈറലായ വിവാദ ഓഡിയോ ഇല്ല. മാത്രമല്ല, വൈറലായ ആ ഓഡിയോ ക്ലിപ് മറ്റ് 20 ഓഡിയോ ക്ലിപ്പുകളിലുള്ള പരാമര്‍ശങ്ങള്‍ മുറിച്ചെടുത്ത് കൃത്രിമമായുണ്ടാക്കിയതാണെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി. സതീഷ് കുമാറിെൻറ ആവശ്യപ്രകാരം ഓഡിയോ ഫോറന്‍സിക് പരിശോധനക്ക് അയച്ചുവെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന് പ്രവീണ്‍ രഞ്ജനും സ്ഥിരീകരിച്ചിരുന്നു.
പൊലീസ് കണ്ടെത്തലിെൻറ അടിസ്ഥാനത്തില്‍ ഇവ പ്രചരിപ്പിച്ച ചാനലുകളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.