ജലാഭിഷേക ശോഭായാത്രയുടെ പശ്ചാത്തലത്തിൽ
നൂഹിൽ കാവൽനിൽക്കുന്ന
സുരക്ഷാഭടൻ
ന്യൂഡൽഹി: പൊലീസ് അനുമതി നിഷേധിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച ജലാഭിഷേക ശോഭായാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചതോടെ വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹ് ജില്ല വീണ്ടും ഭീതിയുടെ മുൾമുനയിൽ. മൊബൈൽ ഇന്റർനെറ്റ് വിലക്കും എസ്.എം.എസ് നിയന്ത്രണവും ഏർപ്പെടുത്തിയ നൂഹിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടച്ചിടാനും കർശന നിർദേശമുണ്ട്.
ജി20 ഷേർപ ഗ്രൂപ് യോഗം സെപ്റ്റംബർ മൂന്നു മുതൽ ഏഴു വരെ നൂഹിൽ നടത്തുന്നതിനാൽ ക്രമസമാധാനം നിലനിർത്താനാണ് വി.എച്ച്.പിയുടെ ജലാഭിഷേക ശോഭായാത്രക്ക് അനുമതി നിഷേധിച്ചതെന്ന് ഹരിയാന ഡി.ജി.പി ശത്രുജിത് കപൂർ അറിയിച്ചു. ജൂലൈ 31ന് യാത്രയെ തുടർന്നുണ്ടായ വർഗീയ സംഘർഷം കാരണമാണ് ഈ തീരുമാനമെടുത്തതെന്നും ഡി.ജി.പി തുടർന്നു. ഇൗ മാസം 26ന് തുടങ്ങിയ മൊബൈൽ ഇൻറർനെറ്റ് വിലക്ക് 28 വരെ തുടരും. മുൻകരുതലെന്ന നിലയിലാണ് പ്രദേശത്ത് നാലോ അതിലധികമോ പേർ കൂട്ടംകൂടുന്നത് വിലക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നൂഹിലേക്ക് എത്തുന്ന വി.എച്ച്.പി പ്രവർത്തകരെ തടയാൻ സോഹ്ന -നൂഹ് ടോൾ പ്ലാസയിൽ ഹരിയാന പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നൂഹ് ക്ഷേത്രത്തിലെ ജലാഭിഷേക ചടങ്ങിനു മാത്രമാണ് അനുമതിയെന്നും വി.എച്ച്.പി യാത്രക്ക് അനുമതി നൽകിയിട്ടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. എന്നാൽ, വി.എച്ച്.പിയല്ല, മേവാത്തിലെ ‘സർവ ഹിന്ദു സമൂഹം’ ആണ് യാത്ര നടത്തുന്നതെന്നാണ് വി.എച്ച്.പി ജോയന്റ് സെക്രട്ടറി സുരേന്ദ്ര ജെയിനിന്റെ അവകാശവാദം. മുസ്ലിംകൾ സഹകരിക്കുമെന്നും യാത്ര സമാധാനപരമായിരിക്കുമെന്നും ജെയിൻ അവകാശപ്പെട്ടു. നൂഹിലെ ‘തീവ്രവാദ ആക്രമണ’ത്തിനെതിരെ ഡൽഹി ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച ജലാഭിഷേക ചടങ്ങ് നടത്തുമെന്നും വി.എച്ച്.പി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ന്യൂഡൽഹി: വർഗീയ സംഘർഷത്തെത്തുടർന്ന് മുടങ്ങിപ്പോയ നൂഹിലെ ജലാഭിഷേക യാത്ര തിങ്കളാഴ്ച പൂർത്തിയാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാർ ഞായറാഴ്ച ആവർത്തിച്ചു. നേരത്തേ തീരുമാനിച്ച അതേ റൂട്ടിൽ യാത്ര നടത്തുമെന്നും മൂന്നിടങ്ങളിൽ ജലാഭിഷേക ചടങ്ങുണ്ടാകും. യാത്ര പൂർത്തിയാക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് പരിപാടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി20 നടക്കുന്നുവെന്ന് വി.എച്ച്.പിക്കറിയാം. 27 രാജ്യങ്ങളിൽനിന്നുള്ളവർ എത്തും. വൈകാരികമായ സ്ഥലമാണ് മേവാത്ത്.
അതിനാൽ ജലാഭിഷേക യാത്ര പ്രതീകാത്മകമായിരിക്കും. എന്നാൽ ഉപേക്ഷിക്കാൻ തയാറല്ല. മൂന്ന് സ്ഥലങ്ങളിൽ ജലാഭിഷേകവും നടത്തും. മതചടങ്ങുകൾ സർക്കാർ തടയരുതെന്നും അലോക് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.