ന്യൂഡൽഹി: നിങ്ങളുടെ മൊബൈൽ ഫോണിൽ ഈ ആഴ്ച ഉച്ചത്തിലുള്ള ശബ്ദത്തോടെ അപ്രതീക്ഷിത സന്ദേശങ്ങൾ ലഭിച്ചെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ. അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ച പുതിയ സംവിധാനത്തിന്റെ പരീക്ഷണമാണിതെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പാണ് ഈ നീക്കത്തിന് പിന്നിൽ. സി-ഡോട്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സചേത്' എന്ന അലർട്ട് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം.
സാധാരണ ടെക്സ്റ്റ് മെസ്സേജുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു നിശ്ചിത ഭൂപ്രദേശത്തെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം മുന്നറിയിപ്പ് എത്തിക്കാൻ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് എന്ന ഈ സംവിധാനത്തിലൂടെ സാധിക്കും. ടെലികോം നെറ്റ്‌വർക്കുകളിൽ തിരക്ക് അനുഭവപ്പെട്ടാലും സന്ദേശങ്ങൾ തടസ്സമില്ലാതെ കൈമാറാൻ ഇത് സഹായിക്കും. സുനാമി, ഭൂകമ്പം, മിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾക്കും ഗ്യാസ് ചോർച്ച, കെമിക്കൽ അപകടങ്ങൾ തുടങ്ങിയ മനുഷ്യനിർമിത അടിയന്തര സാഹചര്യങ്ങൾക്കും അതിവേഗം മുന്നറിയിപ്പ് നൽകാൻ ഇത് ഫലപ്രദമാണ്.
സംവിധാനത്തിന്റെ വിശ്വാസ്യതയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തുന്നതിനായുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ ടെസ്റ്റ് മെസ്സേജുകൾ ലഭിച്ചേക്കാം. വിവിധ നെറ്റ്‌വർക്കുകളിലെ ടവറുകൾ പരിശോധിക്കുന്നതിനാൽ ചിലർക്ക് ഒന്നിലധികം തവണ സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് സ്വാഭാവികമാണെന്നും ഇതിന് മറുപടി നൽകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. മൊബൈൽ ഫോണിലെ സെറ്റിങ്സിൽ 'വയർലെസ് എമർജൻസി അലർട്ട്' വിഭാഗത്തിൽ 'ടെസ്റ്റ് അലർട്ട്' എനേബിൾ ചെയ്തവർക്കാണ് നിലവിൽ സന്ദേശങ്ങൾ ലഭിക്കുന്നത്. പരീക്ഷണം പൂർത്തിയാക്കി ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതോടെ, യഥാർത്ഥ ദുരന്ത സാഹചര്യങ്ങളിൽ സെക്കന്റുകൾക്കുള്ളിൽ ബാധിക്കപ്പെട്ട പ്രദേശത്തെ ജനങ്ങളിലേക്ക് ഈ സുരക്ഷാ സന്ദേശം തനിയെ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.