‘ടി.വി.കെ അവഗണിക്കാൻ കഴിയാത്ത ശക്തിയാകും, അത്ഭുതങ്ങൾ സംഭവിക്കാം...’; വിജയ്‌യെ പ്രശംസിച്ച് ഡി.എം.കെ സഖ്യകക്ഷി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിപ്പോരാട്ടത്തിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നിർണായക ശക്തിയാകുമെന്ന എക്സിറ്റ് പോൾപ്രവചനങ്ങൾക്കു പിന്നാലെ വിജയ്‌യെ പ്രശംസിച്ച് ഭരണകക്ഷിയായ ഡി.എം.കെയുടെ സഖ്യകക്ഷിയായ എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോ. വിജയ്‌യുടെ പാർട്ടിയെ അവഗണിക്കാൻ കഴിയില്ലെന്നും നിർണായക രാഷ്ട്രീയ ശക്തിയായി മാറുമെന്നും വൈക്കോ പറഞ്ഞു.

തമിഴ്നാട്ടിൽ ഡി.എം.കെ തന്നെ അധികാരത്തിൽ തുടരുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എന്നാൽ, കന്നി തെരഞ്ഞെടുപ്പിൽ തന്നെ ഗണ്യമായ സീറ്റുകൾ നേടി ടി.വി.കെ കിങ് മേക്കറായി മാറുമെന്നും സർവേ പറയുന്നു. ‘ടി.വി.കെ അവഗണിക്കാൻ കഴിയാത്ത ഒരു ശക്തിയാണ്, അത് അത്ഭുതകരമായ ചില ഫലങ്ങൾ നൽകിയേക്കാം. പക്ഷേ, ദ്രാവിഡ പ്രസ്ഥാനം തമിഴ്നാട് രാഷ്ട്രീയത്തിൽ സ്ഥിരം ശക്തിയായി തുടരും’ -വൈക്കോ പ്രതികരിച്ചു. പ്രവചനങ്ങളെല്ലാം എം.കെ. സ്റ്റാലിൻ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 234 സീറ്റുകളിൽ 98 മുതൽ 120 വരെ സീറ്റുകൾ ടി.വി.കെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ (Axis My India) സർവേ പ്രവചിക്കുന്നത്. ടി.വി.കെ മികച്ച പ്രകടനം നടത്തിയാലും സംസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറയായ ദ്രാവിഡ പ്രത്യയശാസ്ത്രത്തെ തകർക്കാൻ വിജയ്‌യുടെ ടി.വി.കെക്ക് കഴിയില്ലെന്നാണ് വൈക്കോ പറയുന്നത്. തമിഴ്‌നാട്ടിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും വലിയ ആരാധകവൃന്ദമുള്ള വിജയ്ക്ക് യുവാക്കൾക്കിടയിലും സ്ത്രീകൾക്കിടയിലും, പ്രത്യേകിച്ച് കന്നി വോട്ടർമാർക്കിടയിലും വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞെന്നാണ് എക്സിറ്റ് പോൾ നൽകുന്ന സൂചന.

234 മണ്ഡലങ്ങളിലും മത്സരിക്കുന്ന ടി.വി.കെ, വിദ്യാർഥികൾക്കുള്ള സ്റ്റൈപ്പൻഡ്, ഈടുരഹിത സ്റ്റാർട്ടപ്പ് ലോണുകൾ, ലഹരിമുക്ത സംസ്ഥാനം തുടങ്ങിയ വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചത്. ഏപ്രിൽ 23ന് നടന്ന തെരഞ്ഞെടുപ്പിൽ 85.1% എന്ന റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. യുവാക്കളുടെ വൻ പങ്കാളിത്തമാണ് വിജയ് ക്യാമ്പിൽ പ്രതീക്ഷ നൽകുന്നത്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം തമിഴ്നാട്ടിൽ തുടർച്ചയായ രണ്ടാം തവണയും വിജയം ലക്ഷ്യമിടുമ്പോൾ, പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ അധികാരത്തിൽ തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ്.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ സഖ്യത്തിനാണ് മുൻതൂക്കം നൽകിയത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റാണ് ആവശ്യം. പീപ്പിൾസ് പൾസ്(എൻ.ഡി.ടി.വി), അഗ്നി, പി.മാർക്ക്, മാട്രിക്സ്, ചാണക്യ, സാട്ടാ ബസാർ, പീപ്പിൾസ് ഇൻസൈറ്റ്, മിന്നമ്പലം, പ്രജ പോൾ തുടങ്ങിയ ഏജൻസികൾ ഡി.എം.കെ സഖ്യം ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്.

ജെ.വി.സി-ടൈംസ് നൗ, വോട്ട് വൈബ്-സി.എൻ.എൻ ഏജൻസികൾ മാത്രമാണ് ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്ന് പ്രവചിച്ചത്. 2021ൽ അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം 75 സീറ്റുകളാണ് നേടിയത്. സമൂഹ മാധ്യമങ്ങളിൽ വൻ സാധ്യതകൾ പ്രവചിച്ച ടി.വി.കെക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

Tags:    
News Summary - After Exit Polls Predicted TVK Shocker, MK Stalin Ally Praises Vijay's Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.