വെള്ളത്തിൽ മുങ്ങുമ്പോൾ ലൈഫ് ജാക്കറ്റ് വിതരണം; ജബൽപൂർ ബോട്ട് അപകടത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്

ജബൽപൂർ: ജബൽപൂരിൽ ബർഗി ഡാം റിസർവോയറിൽ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ വിനോദസഞ്ചാര ബോട്ടിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും പാലിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബോട്ടിൽ വെള്ളം കയറി മുങ്ങുന്നതിനിടെ ജീവനക്കാർ ബണ്ടിലായി കെട്ടിവെച്ച ലൈഫ് ജാക്കറ്റ് കെട്ടഴിച്ച് യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് സഞ്ചാരികൾക്ക് വിതരണം ചെയ്ത് ധരിപ്പിക്കേണ്ട ജാക്കറ്റാണ് ബോട്ട് മുങ്ങുന്നതിനിടെ വിതരണം ചെയ്യുന്നത്. വെള്ളം പെട്ടെന്ന് ബോട്ടിലേക്ക് ഒഴുകാൻ തുടങ്ങുമ്പോൾ യാത്രക്കാർ ക്രൂയിസിനുള്ളിൽ ഇരിക്കുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ ചിരി നിലവിളികളായി മാറുന്നു. കൊടുങ്കാറ്റിൽ വെള്ളം ഉൾഭാഗത്തേക്ക് ഒഴുകിയെത്തിയപ്പോൾ ബോട്ട് ശക്തമായി ആടിയുലയുന്നു.

ബോട്ട് മുങ്ങാൻ തുടങ്ങിയതിനുശേഷം മാത്രമാണ് ക്രൂയിസ് ജീവനക്കാർ ബണ്ടിലുകൾ കെട്ടിയ ലൈഫ് ജാക്കറ്റുകൾ അഴിക്കുന്നത് കാണുന്നത്.അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുള്ള യാത്രക്കാരുടെ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. 29 യാത്രക്കാർക്ക് മാത്രമേ ടിക്കറ്റ് നൽകിയിട്ടുള്ളൂവെങ്കിലും ക്രൂയിസിൽ 40-ലധികം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്ര. ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരെ കാണാതായി. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം തിരച്ചിൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നു.

രക്ഷപ്പെട്ടവരിൽ 72 വയസ്സുകാരനായ റിയാസ് ഹുസൈനും ഉൾപ്പെടുന്നു. അദ്ദേഹം ഏകദേശം നാല് മണിക്കൂർ വെള്ളത്തിൽ കിടന്നതായി റിപ്പോർട്ടുണ്ട്. അപകടത്തിൽ അമ്മഉം മകനും ഒരു ലൈഫ് ജാക്കറ്റിൽ ബന്ധിപ്പിച്ച് നിലയിലുള്ള ഫോട്ടോ പുറത്തുവന്നിരുന്നു. മറീന മാസിയുടെയും നാല് വയസ്സുള്ള മകൻ തൃഷന്റെയും മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. അവരുടെ ഭർത്താവ് പ്രദീപ് മാസി രക്ഷപ്പെട്ടു. "ഞങ്ങൾ ഇരിക്കുന്ന അതേ സ്ഥാനത്ത് തന്നെ ഇരിക്കാൻ ക്രൂയിസ് ഓപ്പറേറ്റർമാർ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു, അവർ ലൈഫ് ജാക്കറ്റുകളോ മറ്റ് സഹായങ്ങളോ നൽകിയില്ല. പെട്ടെന്ന് ഒരു ട്യൂബ് ഞാൻ കണ്ടു, അത് എനിക്ക് അതിജീവിച്ച് കരയിലെത്താൻ സഹായിച്ചു. കരയിൽ തടിച്ചുകൂടിയ ആളുകൾ കയറുകൾ എറിഞ്ഞുതന്ന് ഞങ്ങളെ രക്ഷിച്ചു," അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. ഇതിനായി ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Jabalpur Bargi Dam Cruise Boat Accident: Screams, Sealed Life Jackets: New Video Shows Safety Lapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.