ത്രിപുര നിയസഭ ഉപതിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ പോയ പൊലീസുകാരനെ പട്ടാപ്പകൽ കുത്തി പരിക്കേൽപ്പിച്ചു

അഗർത്തല: നിയമസഭ ഉപതിരഞ്ഞെടുപ്പിനിടെ വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക് പോയ പൊലീസുകാരനെ പട്ടാപ്പകൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. ത്രിപുര അഗർത്തലയിലെ അഭോയ് നഗറിലാണ് സംഭവം. അഗർത്തല നിയോജക മണ്ഡലത്തിലെ കുഞ്ഞബൻ പ്രദേശത്ത് താമസിക്കുന്ന 54 കാരനായ സമീർ സാഹക്കാണ് പരിക്കേറ്റത്.

ഗോവിന്ദ് ബല്ലഭ്പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയിലാണ്. അക്രമികൾ ബി.ജെ.പി അനുഭാവികളാണെന്ന് മുൻ സി.പി.എം എം.എൽ.എ ലളിത് മോഹൻ ത്രിപുരയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൂടിയായ പരിക്കേറ്റ പൊലീസുകാരൻ ആരോപിച്ചു.

വോട്ട് രേഖപ്പെടുത്താൻ പോകുകയായിരുന്ന പിതാവിനെ ഒരു സംഘം അക്രമികൾ തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ സമർ സാഹ പറഞ്ഞു. തുടർന്ന്, അക്രമികളെ മറികടന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങിയ പിതാവിന്‍റെ വയറ്റിൽ ആ‍യുധം കൊണ്ട് കുത്തി അക്രമികൾ ഓടി രക്ഷപ്പെട്ടെന്നും സമർ സാഹ കൂട്ടിച്ചേർത്തു.

പോളിങ് ബൂത്തുകളിലേക്ക് പോകുന്ന വോട്ടർമാരെ ബി.ജെ.പിയുടെ ഗുണ്ടകൾ പാതിവഴിയിൽ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ടി.എം.സിയുടെ അഗർത്തല സ്ഥാനാർഥി പന്ന ദേബ് ആരോപിച്ചു. ജുബരാജ് നഗർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മൃണാൾ കാന്തി ദേബ്‌നാഥ്, വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ആരോപണം ഉണ്ട്.

ത്രിപുരയിലെ അഗർത്തല, ടൗൺ ബോർഡ്‌വാലി, സുർമ, ജബരാജ്‌നഗർ എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ് ആരംഭിച്ചത്. 25 സ്ഥാനാർഥികൾ മത്സരരംഗത്തുള്ള ഉപതെരഞ്ഞെടുപ്പിൽ 1,89,032 വോട്ടർമാരാണ് ഉള്ളത്. ഫെബ്രുവരിയിൽ ബി.ജെ.പി എം.എൽ.എമാരായിരുന്ന സുദീപ് റോയ് ബർമാനും ആശിഷ് സാഹയും രാജിവച്ച് കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് അഗർത്തല, ടൗൺ ബർദോവാലി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബി.ജെ.പി നിയമസഭാംഗമായ ആശിഷ് ദാസിനെ സ്പീക്കർ രത്തൻ ചക്രവർത്തി അയോഗ്യനാക്കിയതിനെ തുടർന്നാണ് ധലായ് ജില്ലയിലെ സുർമ സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം എം.എൽ.എ രാമേന്ദ്ര ചന്ദ്ര ദേബ്നാഥിന്റെ മരണത്തെ തുടർന്നാണ് ജുബരാജ്നഗറിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.

Tags:    
News Summary - Violence mars Tripura assembly bypolls: Policeman stabbed while heading to polling booth to cast vote in Agartala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.