വിദ്യാഭ്യാസ മേഖലയിലെ ആർ.എസ്.എസ് അജണ്ട തടയൽ; കർമപദ്ധതി നടപ്പാക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ ആർ.എസ്.എസ് അജണ്ടക്കെതിരെ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ കർമപദ്ധതി തയാറാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം. സംഘ്പരിവാർ നയങ്ങൾക്കുപകരം വിദ്യാർഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസ നയങ്ങൾ പിന്തുടരാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിമാർക്കും വിദ്യാഭ്യാസ മന്ത്രിമാർക്കും നിർദേശം നൽകി.
ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുകയും ഇതിലെ നിർദേശങ്ങൾ ക്രോഡീകരിച്ച് ഒരു മാസത്തിനകം മുഖ്യമന്ത്രിമാർ സമഗ്രമായ കർമപദ്ധതി തയാറാക്കുകയും ചെയ്യും. തുടർന്ന് ഇത് നടപ്പിലാക്കുന്നതിനായി ദേശീയതല സെമിനാറും സംഘടിപ്പിക്കും. സംഘ്പരിവാർ അനുകൂലികളായ വൈസ് ചാൻസലർമാരുടെ നിയമനത്തെക്കുറിച്ചും ആർ.എസ്.എസ് അജണ്ടകളെക്കുറിച്ചും മുഖ്യമന്ത്രിമാർ പ്രത്യേക അവതരണങ്ങൾ നടത്തും.
വിദ്യാഭ്യാസ മേഖലയിലൂടെ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള ആർ.എസ്.എസിന്റെ ശ്രമങ്ങളെ എങ്ങനെ ചെറുത്തുതോൽപിക്കാമെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ മാതൃകാ സംസ്ഥാനങ്ങളാകാമെന്നും യോഗത്തിൽ ചർച്ച ചെയ്തതായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രിയങ്ക ഗാന്ധി എം.പിയും അതത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.