കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് നാളെ കാണും

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് നാളെ കാണും. ദുരന്തമുണ്ടായി ഒരു മാസം തികയുമ്പോഴാണ് വിജയ് കുടുംബാംഗങ്ങളെ സന്ദർശിക്കുന്നത്. ഒക്ടോബർ 27ന് മഹമല്ലപുരത്ത് വെച്ചായിരിക്കും കൂടിക്കാഴ്ച.

തമിഴക വെട്രി കഴകം ഒരു റിസോർട്ടിൽവെച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി 50 റൂമികൾ പാർട്ടി ബുക്ക് ചെയ്തിട്ടുണ്ട്. വ്യക്തപരമായി ഓരോ കുടുംബങ്ങളേയും വിജയ് കാണുമെന്നാണ് റിപ്പോർട്ട്. റിസോർട്ടിലേക്ക് എത്താൻ കരൂരിൽ നിന്ന് പ്രത്യേക ബസ് പാർട്ടി ഒരുക്കിയിട്ടുണ്ട്. ചില കുടുംബങ്ങൾ നാളെ നടക്കുന്ന പരിപാടിയിൽ പ​ങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്.

വിജയ് തങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നതിന് പകരം ഇവിടെയെത്തി താരം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുകയാണ് വേണ്ടതെന്ന് പ്രദേശവാസികളിൽ ചിലർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ കൈമാറി ടി.വി.കെ

ചെന്നൈ: കരൂർ ടി.വി.കെ നേതാവ് വിജയിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ കൈമാറി ടി.വി.കെ. പണം അക്കൗണ്ടുകളിലൂടെയാണ് കൈമാറിയത്. 39 പേരുടെ കുടുംബങ്ങൾക്കും പണം നൽകിയെന്ന് പാർട്ടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ദുരന്തത്തിൽ പരിക്ക് പറ്റിയവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകി.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ഓർമക്കായി ഈ വർഷം ദീപാവലി ആഘോഷത്തിൽനിന്ന് വിട്ട് നിൽക്കുമെന്നും പാർട്ടി അറിയിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ആഘോഷ പരിപാടികളുണ്ടാകില്ല. ടി.വി.കെ ജനറൽ സെക്രട്ടറി എൻ.ആനന്ദ് ആണ് ഇത് സംബന്ധിച്ച നിർദേശം അണികൾക്ക് നൽകിയത്.

സംഭവം നടന്ന ഇത്ര ദിവസമായിട്ടും ദുരന്ത ബാധിതരുടെ കുടുംബങ്ങളെ വിജയ് സന്ദർശിക്കാത്തതിൽ സംസ്ഥാനത്തുടനീളം പാർട്ടിക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പണം കൈമാറിയത്. കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷവുമാണ് നേരത്തെ പാർട്ടി പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തെ പാർട്ടി ഏറ്റെടുക്കുമെന്ന് പാർട്ടി നേരത്തെ അറിയിച്ചിരുന്നു. എല്ലാ മാസവും ധനസഹായവും കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെ ഏറ്റെടുക്കുമെന്നുമായിരുന്നു പാർട്ടി അറിയിച്ചത്.

ടി.വി.കെ നേതാവ് വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരം പേരെ ഉൾക്കൊള്ളുന്ന സ്ഥലത്ത് കൂടുതൽ പേർ തിങ്ങിനിറഞ്ഞതും വിജയ് പരിപാടിക്ക് ആറ് മണിക്കൂർ വൈകി എത്തിയതുമെല്ലാം ദുരന്തത്തിന് കാരണമായി. എന്നാൽ സംഭവം നടന്ന ഉടൻ വിജയ് ചെന്നൈയിലേക്ക് പോയത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് പാർട്ടി റാലി ഉൾപ്പെടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം സുപ്രീംകോടതി നിർദേശിച്ചു. ഉത്തരവിനെ ടി.വി.കെ സ്വാഗതം ചെയ്തിരുന്നു

Tags:    
News Summary - Vijay to meet families of Karur tragedy victims tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.