വിജയ്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്. തന്റെ പാർട്ടിയെ പരിഹസിച്ചവർക്കും അധിക്ഷേപിച്ചവർക്കും ജനവിധിയിലൂടെ മറുപടി നൽകിയ വിജയ്, തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഭയരഹിതമായും ഉറച്ച നിലപാടുകളോടെയുമാണ് ടി.വി.കെ നിലകൊണ്ടതെന്ന് വ്യക്തമാക്കി.
രണ്ട് വർഷം മാത്രം പ്രായമുള്ള വിജയിന്റെ പാർട്ടി 108 സീറ്റുകൾ നേടിയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ കക്ഷികളുടെ പതിറ്റാണ്ടുകൾ നീണ്ട ആധിപത്യത്തിന് അന്ത്യം കുറിച്ചത്. കേവല ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകൾ മാത്രം അകലെയാണ് ടി.വി.കെ. എക്‌സിലൂടെയാണ് വിജയ് തന്റെ വികാരനിർഭരമായ പ്രതികരണം രേഖപ്പെടുത്തിയത്. പാർട്ടിയുടെ തുടക്കം മുതൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ അദ്ദേഹം എണ്ണിപ്പറഞ്ഞു.
‘പാർട്ടി രൂപീകരിച്ച അന്ന് മുതൽ ഞങ്ങളെ പരിഹാസത്തോടെ നോക്കിക്കാണുകയും സംസാരിക്കുകയും ചെയ്തവരാണ് അധികവും. എന്നാൽ രാഷ്ട്രീയത്തിന്റെ സ്വാഭാവികമായ രീതി ഇതാണെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ അതൊക്കെ അവഗണിച്ചു മുന്നോട്ട് പോയി. ജനങ്ങളെ മാത്രം വിശ്വസിച്ചുകൊണ്ട്, മറ്റാരുടെയും സഹായമില്ലാതെ ഭയരഹിതമായി ഞങ്ങൾ ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഉറച്ചുനിന്നു’ വിജയ് കുറിച്ചു. തമിഴ്നാട്ടിലെ ജനങ്ങളോടുള്ള കടപ്പാട് വീട്ടാനുള്ള ശ്രമമായാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ടി.വി.കെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിഷ്പക്ഷരെന്ന ഭാവേന തനിക്കെതിരെ വ്യക്തിഹത്യ നടത്തിയവരെയും വിജയ് രൂക്ഷമായി വിമർശിച്ചു. ‘നിഷ്പക്ഷത എന്ന പുതപ്പിനുള്ളിൽ ഒളിഞ്ഞിരുന്ന് വിമർശനമെന്ന പേരിൽ ഞങ്ങൾക്ക് നേരെ തൊടുത്തുവിട്ടത് മുഖംമൂടി അണിഞ്ഞ അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളുമായിരുന്നു. എന്നാൽ ഒരു അമ്മയുടെ നിരുപാധികമായ സ്നേഹം പോലെ തമിഴ് ജനത ഞങ്ങളെ ചേർത്തുപിടിച്ചു’ വിജയ് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഒരു അദ്ഭുതം എന്നാണ് വിജയ് വിശേഷിപ്പിച്ചത്. തന്റെ വരവ് ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ചലനങ്ങളുണ്ടാക്കുമെന്ന പ്രവചനം എല്ലാ അർത്ഥത്തിലും സത്യമായിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ വിജയത്തിൽ നിർണ്ണായകമായത് കൊച്ചു കുട്ടികളും യുവാക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ മുതിർന്നവരോട് ടി.വി.കെക്ക് വോട്ട് ചെയ്യാൻ നിർബന്ധം പിടിച്ച കുരുന്നുകളാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തിയെന്ന് വിജയ് പറഞ്ഞു.
അഴിമതിക്കും പണക്കൊഴുപ്പിനും എതിരെയുള്ള വൈകാരിക ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ പോകുന്ന ഏറ്റവും വലിയ ശക്തി തമിഴക വെട്രി കഴകം തന്നെയാണെന്ന് വിജയ് പ്രഖ്യാപിച്ചു. ഡി.എം.കെക്കും എ.ഐ.ഡി.എം.കെക്കും ബദലായി ഒരു മൂന്നാം ശക്തി എന്നതിലുപരി, തമിഴ്നാട് ഭരിക്കാൻ ശേഷിയുള്ള കരുത്തരായ മുന്നണിയായി ടി.വി.കെ മാറിയിരിക്കുകയാണ്.
തമിഴ് രാഷ്ട്രീയത്തിലെ 'സൂപ്പർ താരം' ഇനി ഭരണം നിയന്ത്രിക്കുന്ന കസേരയിലേക്ക് എത്തുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ചർച്ചകൾക്കും സഖ്യരൂപീകരണങ്ങൾക്കും ഈ വിജയം വഴിതെളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.