ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതുമെന്ന് നടനും തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷനുമായ വിജയ്. മധുരയിലെ രണ്ടാമത് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1967ൽ അണ്ണാദുരൈയും 1977ൽ എം.ജി.ആറും സംസ്ഥാന ഭരണത്തിലേറിയതുപോലെ 2026ൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും. ടി.വി.കെയുടെ പ്രത്യയശാസ്ത്രപരമായ ശത്രു ബി.ജെ.പിയും മുഖ്യ രാഷ്ട്രീയ എതിരാളി ഡി.എം.കെയുമാണ്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി.കെയും ഡി.എം.കെയും തമ്മിലായിരിക്കും മുഖ്യമത്സരം. ടി.വി.കെയുടെ സഖ്യകക്ഷികൾക്ക് അധികാരത്തിൽ പങ്കുനൽകും. എം.ജി.ആർ രൂപവത്കരിച്ച അണ്ണാ ഡി.എം.കെയുടെ ഇന്നത്തെനില പരിതാപകരമാണ്. ബി.ജെ.പി-അണ്ണാ ഡി.എം.കെ മുന്നണി സ്വരചേർച്ചയില്ലാത്ത സഖ്യമായി മാറിയിരിക്കുന്നു. അഴിമതി കക്ഷിയായ ഡി.എം.കെയെ തൂത്തെറിയും.
സഖ്യബലം കൊണ്ട് ജയിച്ചുകയറാമെന്ന ഡി.എം.കെയുടെ വ്യാമോഹം ഇത്തവണ നടക്കില്ല. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ മുസ്ലിം സമുദായത്തിനെതിരെ ദ്രോഹ നടപടികൾ മാത്രമാണുണ്ടായത്. നീറ്റ് പരീക്ഷ റദ്ദാക്കാനും ശ്രീലങ്കയിൽനിന്ന് കച്ചത്തീവ് വീണ്ടെടുക്കാനും കേന്ദ്ര സർക്കാർ തയാറാവണമെന്നും വിജയ് ആവശ്യപ്പെട്ടു.
രണ്ടാം സംസ്ഥാന സമ്മേളനത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ഭൂരിഭാഗവും വിജയ് ആരാധകരായ യുവജനങ്ങളായിരുന്നു. പാർട്ടി സ്വാഗതഗാനത്തിന്റെ അകമ്പടിയോടെയാണ് വിജയ് വേദിയിലെത്തിയത്. ‘മക്കളിൻ അൻപരൈ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചതും വിജയ് ആണ്. വിജയിയുടെ മാതാപിതാക്കളായ സംവിധായകൻ ചന്ദ്രശേഖറും ശോഭയും വേദിയിൽ ഉപവിഷ്ടരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.