ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്ന് സൂചന നൽകി വിജയ്: തീരുമാനം ജനനായകൻ ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ

ചെന്നൈ: 500 കോടി ചെലവിട്ടു നിർമിച്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനു മുമ്പേ ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്ന് സൂചന നൽകി വിജയ്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങുമെന്നും സിനിമാ മേഖലയിൽനിന്നുള്ളവർ പറയുന്നു. ജനനായകൻ എന്ന സിനിമ നടന്റെ അവസാന ചിത്രമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്.

അതിനിടെ, കന്യാകുമാരിയിൽ ആരാധകൻ പൂക്കൾ എറിഞ്ഞപ്പോൾ പേടിച്ചോടിയതിൽ വിജയിക്ക് സമൂഹികമാധ്യമങ്ങളിൽ പരിഹാസം. ഞായറാഴ്ച ടി.വി.കെ (തമിഴക വെട്രി കഴകം) പ്രചാരണ പരിപാടിക്കിടെ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആരാധകൻ പൂക്കൾ എറിഞ്ഞത്. പൂക്കൾ എറിഞ്ഞത് ബോംബാണെന്ന് ഭയന്ന മട്ടിൽ വിജയ് ചാടിയിറങ്ങി സൈക്കിൾ ഉപേക്ഷിച്ച് പിന്നിലുള്ള വാഹനത്തിലേക്ക് ഓടുകയായിരുന്നു. പൂക്കൾ പോലും പേടിക്കുന്നയാൾ എങ്ങനെ നേതാവാകുമെന്ന ചോദ്യമാണ് പലരും ഉയർത്തിയത്. ഇന്നു തിരുപ്പൂരിലാണ് വിജയുടെ പ്രചാരണം.

അതേസമയം, ‘ജനനായകൻ’ സിനിമ സമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ആറു പേർ കൂടി പിടിയിലായി. ചിത്രം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഉത്തരവാദികളാണെന്ന് സംശയിക്കുന്ന 21 പേരുടെ വിവരങ്ങൾ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്‌ഷൻസ് പൊലീസിന് നൽകിയിരുന്നുവെന്നാണ്. ആദ്യം ചിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമാണ് പ്രചരിച്ചത്. തുടർന്ന് സിനിമ പൂർണമായി ഇന്റർനെറ്റിലെത്തി. ഉയർന്ന നിലവാരമുള്ള പകർപ്പ് മണിക്കൂറുകൾക്കുള്ളിൽ ഒട്ടേറെപ്പേർ ഡൗൺലോഡ് ചെയ്തു.

‘ജനനായകൻ’ സിനിമ കേബിൾ ടി.വി വഴി പ്രദർശിപ്പിച്ച പ്രാദേശിക ചാനൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുമത്തംപട്ടി സോമനൂർ മെയിൻ റോഡ് റാം നഗറിൽ എസ്. പളനിസാമിയാണ് (44) അറസ്റ്റിലായത്. വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ അടക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ‘പുലി’ എന്ന ചിത്രത്തിന് വാങ്ങിയ 15 കോടിയുടെ പ്രതിഫലം ആദായനികുതി റിട്ടേൺ രേഖകളിൽനിന്ന് മറച്ചുവെച്ചന്നായിരുന്നു കേസ്.

Tags:    
News Summary - Vijay hints at acting in one more film: Decision to compensate producers for Jananayakam leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.