ചെന്നൈ: പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ അധികാരത്തിലെത്തുന്ന രണ്ടാമത്തെ നടൻ എന്ന അപൂർവ നേട്ടമാണ് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവായ നടൻ വിജയ് സ്വന്തമാക്കിയത്. 2024 ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്, 2026 മെയ് മാസത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ തമിഴ് രാഷ്ട്രീയത്തിലെ പുതിയ ദളപതിയായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ 43 വർഷങ്ങൾക്ക് മുമ്പ് എൻ.ടി. രാമറാവു കുറിച്ച സമാനതകളില്ലാത്ത വിജയഗാഥയാണ് വിജയ് ഇക്കുറി ആവർത്തിച്ചത്.
1982 മാർച്ചിലായിരുന്നു തെലുങ്ക് സിനിമയിലെ ഇതിഹാസ താരം നന്ദമുരി താരക രാമറാവു (എൻ.ടി.ആർ) തെലുഗുദേശം പാർട്ടി (ടി.ഡി.പി) രൂപീകരിക്കുന്നത്. കോൺഗ്രസ് ഭരണത്തിനെതിരെ ആന്ധ്രപ്രദേശിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനെന്ന പേരിൽ പാർട്ടി രൂപീകരിച്ച അദ്ദേഹം ഒരു വർഷം തികയുന്നതിന് മുമ്പ് 1983 ജനുവരിയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു. അന്ന് 59 വയസ്സായിരുന്നു എൻ.ടി.ആറിന്. പരിഷ്കരിച്ച ഷെവർലേ വാനിൽ അദ്ദേഹം നടത്തിയ പ്രചാരണം ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വഴിത്തിരിവായിരുന്നു.
ശേഷം 43 വർഷങ്ങൾക്കിപ്പുറം എൻ.ടി.ആറിന് ശേഷം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇത്രയും കുറഞ്ഞ കാലയളവിൽ ഭരണത്തിലേറുന്ന നേതാവായി 51-കാരനായ വിജയ് മാറി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിയടയാളമായ ഡി.എം.കെ യെയും എ.ഐ.എ.ഡി.എം.കെയെയും നിഷ്പ്രഭമാക്കിയാണ് ടി.വി.കെയുടെ മുന്നേറ്റം.
ഭരണകക്ഷിയായ ഡി.എം.കെയെ അതിനിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു വിജയിയുടെ പ്രചാരണം. എൻ.ടി.ആറിനെ അനുസ്മരിപ്പിക്കും വിധം സൺറൂഫ് വാഹനങ്ങളിൽ സംസ്ഥാനമുടനീളം സഞ്ചരിച്ച വിജയ്, അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങളിലേക്ക് എത്തിയത്. ഇതോടെ, ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇത്തരമൊരു രാഷ്ട്രീയ നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോർഡും വിജയ് സ്വന്തമാക്കി. ദക്ഷിണേന്ത്യയിൽ സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് ഇതാദ്യമായല്ലെങ്കിലും വിജയിയെപ്പോലെ ഉജ്ജ്വല വിജയം നേടിയവർ കുറവാണ്.
1972-ൽ പാർട്ടി രൂപീകരിച്ച എം.ജി.ആർ അധികാരത്തിലെത്താൻ അഞ്ച് വർഷമെടുത്തിരുന്നു. ചിരഞ്ജീവി 2008ൽ പ്രജാരാജ്യം പാർട്ടി സ്ഥാപിച്ചെങ്കിലും 18 സീറ്റുകൾ മാത്രമാണ് നേടാനായത്. പിന്നീട് പാർട്ടി കോൺഗ്രസിൽ ലയിച്ചു. 2014ൽ ജനസേന രൂപീകരിച്ച പവൻ കല്യാണും നീണ്ട പോരാട്ടത്തിനൊടുവിൽ 2024ൽ സഖ്യത്തിലൂടെ ആന്ധ്രയിൽ ഉപമുഖ്യമന്ത്രിയാവുകയായിരുന്നു. 2018 ൽ കമലഹാസൻ രൂപീകരിച്ച മക്കൾ നീതി മയ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ അദ്ദേഹം രാജ്യസഭാ അംഗമാണ്.
വിജയകാന്ത് അടക്കമുള്ള താരങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും പാർട്ടി പ്രഖ്യാപനത്തിന്റെ രണ്ടാം വർഷം തന്നെ തമിഴ്നാടിന്റെ ഭരണം പിടിച്ചെടുത്ത വിജയിയുടെ കുതിപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ അത്ഭുതമായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.