ജയ്പൂർ: രാജസ്ഥാനിലെ ഉൾനാടൻ ഗ്രാമത്തിൽ മീൻ വലയുപയോഗിച്ച് ബൗളിങ് പരിശീലിക്കുന്ന കുട്ടിയുടെ വിഡിയോ കണ്ട് അദ്ഭുതപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാധ്യമ പ്രവർത്തകനായ ദീപക് ശർമയാണ് വിഡിയോ ട്വിറ്ററിലിട്ടത്. ഈ വിഡിയോ റീട്വീറ്റ് ചെയ്ത രാഹുൽ, കുട്ടിയുടെ സ്വപ്നം പൂവണിയാൻ ആവുന്നത് ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു. 16 കാരൻ ഭരത് സിങ് ആണ് മീൻ വലയുപയോഗിച്ച് ബൗളിങ് പരിശീലിക്കുന്നത്.
''നമ്മുടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരുപാട് അദ്ഭുതപ്പെടുത്തുന്ന പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്. അവരെയെല്ലാം തിരിച്ചറിഞ്ഞ് പ്രോൽസാഹിപ്പിക്കുക എന്നത് നമ്മുടെ കടമയാണ്. ഈ കുട്ടിയുടെ സ്വപ്നം പൂവണിയാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് അശോക് ജീ ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ്''. ആറ് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ പങ്കുവെച്ച് രാഹുൽ ഇങ്ങനെ ട്വിറ്ററിൽ കുറിച്ചു. ഉറപ്പായും സാധ്യമായതെല്ലാം ചെയ്യാമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റിന് ഗെഹ്ലോട്ടിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.