വരുൺ ഗാന്ധിക്ക്​ കോൺഗ്രസ്​ ഭാഷ; പാർട്ടിയിൽനിന്ന്​ രാജിവെക്കണമെന്ന്​ ബി.ജെ.പി എം.പി

വരുൺ ഗാന്ധി സംസാരിക്കുന്നത് കോൺഗ്രസിന്‍റെ ഭാഷയിലാണെന്നും അദ്ദേഹത്തിൽ എന്തെങ്കിലും ധാർമ്മികത അവശേഷിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ സംസാരിക്കാൻ കോൺഗ്രസിലേക്കോ മറ്റെവിടെയെങ്കിലുമോ പോകണമെന്നുമുണ്ടെങ്കിൽ അദ്ദേഹം ഉടൻ രാജിവക്കണമെന്നും ബി.ജെ.പി രാജ്യസഭാ എം.പി ഹർനാഥ് സിംഗ് യാദവ് പറഞ്ഞു. ലഖ്‌നൗവിൽ ഉദ്യോഗാർത്ഥികൾക്ക് നേരെയുണ്ടായ ലാത്തി ചാർജിന്‍റെ പേരിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച സ്വന്തം പാർട്ടി നേതാവായ വരുൺ ഗാന്ധിയെ വിമർശിച്ചാണ്​ ഹർനാഥ് സിംഗ് യാദവ് എം.പി ഞായറാഴ്ച രംഗത്തെത്തിയത്​.

"വരുൺ ഗാന്ധി സംസാരിക്കുന്നത് കോൺഗ്രസിന്‍റെ ഭാഷയാണ്, അദ്ദേഹത്തിൽ എന്തെങ്കിലും ധാർമ്മികത അവശേഷിക്കുന്നുവെങ്കിൽ, ബി.ജെ.പിക്കെതിരെ സംസാരിക്കണമെന്നും കോൺഗ്രസിലേക്കോ മറ്റെവിടെയെങ്കിലുമോ പോകണമെന്നുമുള്ള മനസ്സുണ്ടെങ്കിൽ, അദ്ദേഹം ഉടൻ രാജിവയ്ക്കണം" -യാദവ് പറഞ്ഞു.

ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്​താവനയുമായി അടുത്തിടെ നിരന്തരം വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിനെതിരെയാണ്​ പരസ്യവിമർശനവുമായി വീണ്ടും വരുൺ ഗാന്ധി രംഗത്ത്​ എത്തിയത്​. അധ്യാപക നിയമന പരീക്ഷയിൽ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനെതിരെയാണ് വരുൺ ട്വിറ്ററിൽ വിമർശനം ഉന്നയിച്ചത്​.

യോഗ്യരായ ഉദ്യോഗാർത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികൾ കേൾക്കാൻ പോലും ആരും തയ്യാറല്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കൾ ഈ പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നെങ്കിൽ ഇത്തരത്തിൽ പെരുമാറാൻ കഴിയുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

69,000 അധ്യാപകരെ നിയമിക്കുന്നതിനായി 2019ൽ നടത്തിയ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്. സെൻട്രൽ ലക്‌നൗവിലെ ഒരു കവലയിൽ നിന്നും യോഗി ആദിത്യനാഥിന്‍റെ വസതിയിലേക്ക് സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും രൂക്ഷവിമർശനവുമായി രംഗത്തെത്തി. ക്രൂരമായ ലാത്തിച്ചാർജിനെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അപലപിച്ചു. ബി.ജെ.പി വോട്ട് ചോദിച്ചുവരുമ്പോൾ ഇതെല്ലാം ഓർത്തിരിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Tags:    
News Summary - Varun Gandhi speaking Congress' language, should resign from party: BJP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.