ന്യൂഡൽഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാറിന് മുമ്പാകെ ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീംകോടതി. വാക്സിൻ വില, ക്ഷാമം, ഗ്രാമീണ മേഖലയിലെ ലഭ്യതക്കുറവ് എന്നിവയിലാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങൾ.
45 വയസിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രസർക്കാർ വാക്സിൻ നൽകുന്നുണ്ട്. പേക്ഷ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിൻ എന്തുകൊണ്ടാണ് വിതരണം ചെയ്യാത്തത്. നിർമിക്കുന്ന വാക്സിനുകളിൽ 50 ശതമാനം കേന്ദ്രസർക്കാർ നിശ്ചയിച്ച വിലക്ക് സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നു. ബാക്കിയുള്ളത് സ്വകാര്യ ആശുപത്രികൾക്കാണ് നൽകുന്നത്. ഇതിന്‍റെ യുക്തിയെന്താണെന്ന് സുപ്രീംകോടതി ചോദിച്ചു.
45 വയസിന് മുകളിലുള്ളവരുടെ മരണനിരക്ക് കൂടിയതിനാലാണ് അവർക്ക് വാക്സിന് മുൻഗണ നൽകിയത്. എന്നാൽ രണ്ടാം തരംഗത്തിൽ 18 മുതൽ 44 വയസ് പ്രായമുള്ളവർക്കും രോഗം ഗുരുതരമായി ബാധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവർക്ക് വാക്സിൻ നൽകാൻ നടപടിയുണ്ടാകാത്തത്. വാക്സിൻ വില നിർണയാധികാരം കമ്പനികൾക്ക് നൽകിയത് എന്തിനാണ്. വാക്സിന് ഒരു രാജ്യം ഒരു വില എന്നത് നടപ്പാക്കാൻ കേന്ദ്രത്തിന് ബാധ്യതയില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു. രാജ്യത്തെ വാക്സിൻ നിർമാതാക്കൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വ്യത്യസ്ത വിലക്കാണ് വാക്സിൻ നൽകുന്നത്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എൽ.എൻ റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാറിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.