യു.പിയിലെ സ്കൂളുകളിലും കോളജുകളിലും നിർബന്ധമായും വന്ദേമാതരം ചൊല്ലണമെന്ന് യോഗി ആദിത്യനാഥ്

ലഖ്നോ: യു.പിയിലെ സ്കൂളുകളിലും കോളജുകളിലും വന്ദേമാതരം നിർബന്ധമായും പാടണമെന്ന് ഉത്തരവിറക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഗോരഖ്പുരിൽ ഏക്താ യാത്രയും വന്ദേ മാതരം സമൂഹഗാനാലാപനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹം വളർത്തുന്നതിന് ഈ നടപടി ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

"ദേശീയ ഗാനമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത് നിർബന്ധമായും ആലപിക്കണം," യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞു.

ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേമാതരത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.

ദേശീയ ഗാനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. 1937 ൽ ഗാനത്തിലെ പ്രധാന വരികൾ ഒഴിവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്.'വന്ദേമാതരം' എന്ന ഗാനത്തിലെ വരികൾ നീക്കം ചെയ്തത് വിഭജനത്തിന് കാരണമായി എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

അത്തരമൊരു മാനസികാവസ്ഥ രാജ്യത്തിന് ഒരു വെല്ലുവിളിയായി തുടരുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന 'വന്ദേമാതരം' അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി പരാമർശം നടത്തിയത്.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെ അനുസ്മരിക്കുന്നതിനായി 2024 നവംബർ ഏഴ് മുതൽ 2026 നവംബർ ഏഴ് വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ് കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തത്.

1875 നവംബർ 7 ന് അക്ഷയ നവമി ദിനത്തിൽ ഇതിഹാസ കവി ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് വന്ദേ മാത്രം രചിച്ചത്. ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിന്റെ ഭാഗമായി 'ബംഗാദർശൻ' എന്ന സാഹിത്യ ജേണലിലാണ് ഈ ഗാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

Tags:    
News Summary - Vande Mataram to be compulsory in all UP schools, colleges: Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.