ഗാന്ധിനഗർ: സേനയിലെ കുടുംബജീവിതത്തിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിനായി മാതൃകാപരമായ നീക്കവുമായി ഗുജറാത്ത് സർക്കാർ. സേനാംഗങ്ങളായ ദമ്പതികൾക്ക് ഒരേ ജില്ലയിൽ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന 'ഭർത്താവ്-ഭാര്യ പോസ്റ്റിംഗ് ഡ്രൈവ്' പദ്ധതിയുടെ ഭാഗമായി 415 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറക്കി. ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതിയിലൂടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജോലി ചെയ്തിരുന്ന പൊലീസ് ദമ്പതികളെ ഒരുമിപ്പിച്ചത്.
ദീർഘകാലമായി വെവ്വേറെ ജില്ലകളിൽ ജോലി ചെയ്യുന്നതുമൂലം പൊലീസ് ഉദ്യോഗസ്ഥർ അനുഭവിച്ചിരുന്ന കുടുംബപരമായ മാനസിക സമ്മർദ്ദവും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഈ തീരുമാനം. കോൺസ്റ്റബിൾമാർ മുതൽ സബ് ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥരാണ് ഈ പ്രത്യേക സ്ഥലംമാറ്റ ഉത്തരവിന്റെ പരിധിയിൽ വന്നത്. അപേക്ഷകരിൽ അർഹരായ പരമാവധി പേർക്ക് അവരുടെ ജീവിതപങ്കാളികൾ ജോലി ചെയ്യുന്ന ജില്ലകളിലേക്ക് തത്തുല്യമായ പോസ്റ്റിംഗ് നൽകി.
ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിലൂടെ സേനയുടെ കാര്യക്ഷമതയും പ്രതിബദ്ധതയും വർദ്ധിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. ജോലിയിലെ കടുത്ത മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യകരമായ കുടുംബജീവിതം നയിക്കാൻ പൊലീസുകാർക്ക് അവസരമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നടപടി സേനാംഗങ്ങൾക്കിടയിൽ വലിയ ആശ്വാസത്തിനും സന്തോഷത്തിനും വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.