വന്ദേമാതരം വെട്ടിമുറിച്ചത് നിങ്ങളുടെ പൂർവികരാണ്, മുസ്‌ലിംകളല്ല -പ്രധാനമന്ത്രിക്ക് മറുപടിയുമായി എ. രാജ

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരം വിവാദത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ, വന്ദേമാതരം ഗീതത്തിനും അതിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ കൃതികൾക്കും മതപരമായ അർഥങ്ങളുണ്ടെന്ന് ചരിത്രപരമായ തെളിവുകൾ ഉദ്ധരിച്ച് ഡി.എം.കെ എം.പി എ. രാജ.

പ്രധാനമന്ത്രിക്ക് പ്രീണനം എന്ന വാക്ക് വളരെ ഇഷ്ടമാണ്. അത് പരാമർശിക്കാതെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അവസാനിക്കുന്നില്ല. വന്ദേമാതരത്തിന്റെ കാര്യത്തിൽ എന്ത് തരത്തിലുള്ള പ്രീണനമാണ് നടത്തിയത്? ഇത് ദേശീയ ഗീതമായി പ്രശംസിക്കപ്പെടുന്നു, പക്ഷേ വിഗ്രഹാരാധനയുടെയും മതപരമായ വൈരാഗ്യത്തിന്റെയും കാര്യത്തിൽ ഇത് തീവ്രമായ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്... ഈ ഗീതം മുറിച്ചുമാറ്റി, അതാണ് വിഭജനത്തിന്റെ വിത്തുകൾ പാകിയത് എന്ന് പ്രധാനമന്ത്രി പറഞ്ഞു... വന്ദേമാതരം ആരാണ് വെട്ടിമുറിച്ചത് എന്ന് പ്രധാനമന്ത്രി ചോദിച്ചു. നിങ്ങളുടെ പൂർവികരാണ് വെട്ടിമുറി നടത്തിയത്. മുസ്‌ലിംകളല്ല - വന്ദേമാതരത്തെക്കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ രാജ പറഞ്ഞു.

1915-ൽ മഹാത്മാഗാന്ധി ഈ ഗീതത്തെ പ്രശംസിച്ചുവെന്നും എന്നാൽ 1940-ൽ മുസ്‌ലിംകളെ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അത് പാടരുതെന്നും ഗാന്ധി പറഞ്ഞു -എ. രാജ ഓർമ്മിപ്പിച്ചു. 1915നും 1940നും ഇടയിൽ എന്താണ് സംഭവിച്ചത്? അനുശീലൻ സമിതിയായിരുന്നു ഈ ഗീതത്തിന്റെ ഏറ്റവും വലിയ വക്താക്കൾ. അതിനെ ദേശീയ ഗീതം എന്ന പദവിയിലേക്ക് ഉയർത്തുന്നതിൽ അവരാണ് വലിയ പങ്കുവഹിച്ചത് -രാജ വ്യക്തമാക്കി.

ബ്രിട്ടീഷുകാർ പിടിച്ചെടുത്ത രേഖകൾ കാണിക്കുന്നത് സമിതിയിൽ മുസ്‌ലിംകളെ അനുവദിച്ചിരുന്നില്ല എന്നാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അംഗത്വമെടുക്കുന്ന സമയത്ത് അംഗങ്ങൾ എടുത്ത പ്രതിജ്ഞകൾ ഹിന്ദുക്കൾക്ക് പവിത്രമാണെന്നും മുസ്‌ലിംകൾക്ക് പവിത്രമല്ലെന്നുമാണ് സമിതി പറഞ്ഞത്. കവിത വന്ദേമാതരം എന്നാണ്. കാരണം ദേശീയ പോരാട്ടമാണ്. എന്നാൽ നിങ്ങൾ മുസ്‌ലിംകളെ പ്രകോപിപ്പിച്ച് വന്ദേമാതരം ചൊല്ലുകയാണ്. അതിനാൽ വന്ദേമാതരം മതപരമാണെന്ന് അനുമാനിക്കാൻ സാധിക്കും -രാജ പറഞ്ഞു.

1905 നും 1908 നും ഇടയിൽ, ബംഗാളിലെ പള്ളികളിൽ പ്രാർഥന നടക്കുന്ന സമയത്ത് അതുവഴി കടന്നുപോകുന്ന ഹിന്ദു ഘോഷയാത്രകളിൽ വന്ദേമാതരം ചൊല്ലുകയും അത് ശത്രുത സൃഷ്ടിക്കുകയും ചെയ്തതായി അന്നത്തെ ആഭ്യന്തര വകുപ്പ് ശ്രദ്ധിച്ചിരുന്നു -രാജ വിവരിച്ചു. 1907-ൽ മുസ്‌ലിംകൾ വന്ദേമാതരം ആലപിക്കരുതെന്നും ഒരു മുസ്‌ലിമും സ്വദേശി പ്രസ്ഥാനത്തിൽ ചേരരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ലഘുലേഖകൾ വിതരണം ചെയ്തതിരുന്നെന്നും രാജ പറഞ്ഞു.

വന്ദേമാതരം എന്തുകൊണ്ട് വർഗീയ സംഘർഷത്തിന് കാരണമാകുന്നു എന്നതിനെക്കുറിച്ച് അന്ന് ഹൗസ് ഓഫ് കോമൺസ് ചർച്ച ചെയ്തിരുന്നു. തെറ്റ് ഗീതത്തിന്‍റേതല്ല. അവരുടെ അഭിപ്രായത്തിൽ അത് ഹിന്ദുക്കൾക്ക് മാത്രമുള്ളതാണ്. വിഭജനം അവിടെ തന്നെ ആരംഭിക്കുന്നു -രാജ ചൂണ്ടിക്കാട്ടി. അതിനാൽ വന്ദേമാതരം, അതിലെ ചില ഖണ്ഡികകളെങ്കിലും ബ്രിട്ടീഷുകാർക്ക് മാത്രമല്ല മുസ്‌ലിംകൾക്കും എതിരാണെന്ന് നിഗമനത്തിലെത്താൻ കാരണങ്ങളുണ്ട്. ബങ്കിം ചന്ദ്ര ദേശസ്‌നേഹത്തെ മതമായും മതത്തെ ദേശസ്‌നേഹമായും മാറ്റി എന്ന് ആർ.സി. മജുംദാർ പറഞ്ഞത് ശരിയാണ് -രാജ കൂട്ടിച്ചേർത്തു.

വന്ദേമാതരം വിവാദം

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദേശീയഗീതമായ വന്ദേമാതരം വിവാദമാക്കി 150-ാം വാർഷിക ചർച്ചക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടക്കമിട്ടത്. വിഭജനത്തിന് മുമ്പ് സർവേന്ത്യ മുസ്‍ലിം ലീഗിന് വേണ്ടി ജവഹർ ലാൽ നെഹ്റു വന്ദേമാതരത്തെ രണ്ട് ശ്ലോകത്തിലാക്കി വെട്ടിമുറിച്ചുവെന്നാണ് മോദി ആരോപിച്ചത്.

1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേമാതരം കവിത 1896ൽ ആദ്യമായി രബീന്ദ്രനാഥ് ടാഗോർ ഒരു ചടങ്ങിൽ ആലപിച്ചെന്നും സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രചോദനമായ ഗാനമായി മാറിയിരുന്നുവെന്നും മോദി പറഞ്ഞു. എന്നാൽ മുഹമ്മദലി ജിന്നയുടെയും സർവേന്ത്യ മുസ്‍ലിം ലീഗിന്റെയും സമ്മർദത്തിന് വഴങ്ങി 1937ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കോൺഗ്രസ് സമ്മേളനങ്ങളിൽ ആദ്യ രണ്ട് ശ്ലോകങ്ങൾ മാത്രം ദേശീയഗീതമായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടെന്നും മോദി തന്റെ പ്രസംഗത്തിൽ ആരോപിച്ചു. ദേശീയ ഗീതത്തെ വെട്ടിമുറിച്ച പോലെ പിന്നീട് രാജ്യത്തെയും വെട്ടിമുറിച്ചെന്നും മോദി കുറ്റപ്പെടുത്തി. നെഹ്റുവിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനമഴിച്ചുവിട്ട മോദി, വന്ദേമാതരത്തിന് 100 വർഷമായപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അ​തിനെ ആദരിക്കുന്നവരെ ജയിലിലിട്ടുവെന്നും ഭരണഘടന അടിച്ചമർത്തപ്പെട്ടുവെന്നും വിമർശിച്ചു.

എന്നാൽ, ആറ് ​ശ്ലോകങ്ങളിലെ രണ്ട് മതിയെന്നത് മഹാകവി രബീന്ദ്ര നാഥ ടാഗോറിന്റെ നിർദേശമാണെന്നും അദ്ദേഹത്തെയും അതംഗീകരിച്ച മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യനരേന്ദ്ര ദേവ്, സർദാർ പട്ടേൽ, രബീന്ദ്ര നാഥ് ടാഗോർ എന്നിവരെയുമാണ് ഇത് വിവാദമാക്കി മോദി അപമാനിക്കു​ന്നതെന്നും പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. സുഭാഷ് ചന്ദ്ര ബോസിന് ഒക്ടോബർ 20ന് നെഹ്റു എഴുതിയ കത്തിനെക്കുറിച്ച് സഭയിൽ പറഞ്ഞ നരേ​ന്ദ്ര മോദി, ഒക്ടോബർ 17ന് നേതാജി നെഹ്റുവിന് അയച്ച കത്തിനുള്ള മറുപടിയാണ് അതെന്ന് പറഞ്ഞില്ല. നേതാജിയാണ് ശാന്തിനികേതനിൽ ​പോയി ടാഗോറിനെ കാണാൻ നെഹ്റുവിനോട് പറഞ്ഞത്. 20 ഒക്ടോബറിന് നൽകിയ മറുപടിയിലെ മോദി വായിക്കാതെ വിട്ട ഭാഗം പ്രിയങ്ക വായിച്ചു കേൾപ്പിച്ചു. വന്ദേമാതരത്തിനെതിരായ പ്രചാരണം വലിയൊളവിൽ വർഗീയമാണെന്നും വർഗീയ വികാരത്തിന് അടിയറവ് പറയാനാവില്ലെന്നുമാണ് നെഹ്റു എഴുതിയത്. എന്നാൽ വന്ദേമാതരത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യമെഴുതിയ രണ്ട് ശ്ലോകങ്ങൾ ദേശീയ ഗീതമാക്കിയാൽ മതിയെന്നും പിന്നീട് കൂട്ടിച്ചേർത്ത നാല് ശ്ലോകങ്ങൾ മറ്റു മതസ്ഥർക്ക് ആലപിക്കാൻ പ്രയാസമുള്ളതിനാൽ രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ അതിന്റെ ഉപയോഗം അനുചിതമാകുമെന്നും ​ടാഗോർ നെഹ്റുവിനെഴുതി. മഹാത്മജി, നേതാജി, പണ്ഡിറ്റ് നെഹ്റു, ആചാര്യനരേന്ദ്രദേവ്, സർദാർ പട്ടേൽ, രബീന്ദ്ര നാഥ് ടാഗോർ എന്നിവർ എല്ലാവരും ചേർന്നാണ് നെഹ്റുവിന് മുന്നിൽ വെച്ച നിർദേശ പ്രകാരം ആദ്യ രണ്ട് ഖണ്ഡികകൾ ദേശീയഗീതമാകുന്നത്. വസ്തുതകൾ മറച്ചുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 1896ൽ ആദ്യമായി രബീന്ദ്രനാഥ് ടാഗോർ വന്ദേമാതരം ഒരു ചടങ്ങിൽ പാടിയെന്ന് പറഞ്ഞെങ്കിലും ആ ചടങ്ങ് ഏതാണെന്ന് പറഞ്ഞില്ല. അതിനുകാരണം അത് ഹിന്ദു മഹാസഭയുടെയോ ആർ.എസ്.എസിന്റെയോ ചടങ്ങായിരുന്നില്ല. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റേതായിരുന്നു. അത് പറയാനാണോ മോദി പേടിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. 

Tags:    
News Summary - Vande Mataram not only against British, but also Muslims -DMK MP A Raja quotes experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.