രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിധരിപ്പിക്കുന്നു, പൊതുസ്ഥലങ്ങൾ രാഷ്ട്രീയ പോർക്കളങ്ങളാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ബിജെപി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളുടെ അറസ്റ്റിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ഭരണഘടന പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമാണ് നൽകുന്നത് അല്ലാതെ നിയമം ലംഘിക്കാനുള്ള ലൈസൻസല്ലെന്ന് ബിജെപി ദേശീയ മീഡിയ കൺവീനർ ആശിഷ് ഉഷ അഗർവാൾ വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊതുസ്ഥലങ്ങൾ രാഷ്ട്രീയ പോർക്കളങ്ങളാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ജന്തർ മന്തറിൽ സമാധാനപരമായി മൂവർണ്ണ പതാകയേന്തി പ്രതിഷേധിച്ച സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. ത്രിവർണ്ണ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റമല്ലെന്നും ഇതിന്റെ പേരിൽ യുവാക്കളെ ജയിലിലടക്കുന്നത് ‘ഭീരുത്വമാണ്’ എന്നുമായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും അത് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാൽ രാഹുൽ ഗാന്ധി രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് ജന്തർ മന്തറിനെ പ്രക്ഷോഭ സൈറ്റുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. നിയമത്തിന് അതീതരായി ആരുമില്ലെന്നും ജന്തർ മന്തറിലെ നടപടികളെ ന്യായീകരിച്ചുകൊണ്ട് ബിജെപി വ്യക്തമാക്കി.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി അംഗങ്ങൾ ചൊവ്വാഴ്ച വിലക്കുകൾ ലംഘിച്ച് ജന്തർ മന്തറിൽ പ്രവേശിച്ചത്. തുടർന്ന് സമാധാന ബോണ്ടുകൾ ലംഘിച്ചതിനും അതിക്രമിച്ചുകടന്നതിനും അറസ്റ്റിലായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Rahul Misleading Nation, Won't Allow Public Places To Become Battlegrounds Says BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.