റെയിൽവേ ജീവനക്കാർക്ക് ദീപാവലി ബമ്പർ; 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. രാജ്യത്തെ 10 ലക്ഷത്തിലധികം റെയില്വേ ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കും. 2,009.61 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
ഗസറ്റഡ് ഇതര വിഭാഗത്തിലെ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണെങ്കിലും ഒരാൾക്ക് ലഭിക്കുന്ന പരമാവധി ബോണസ് 17,951 രൂപയാണ്. റെയിൽവേ ജീവനക്കാരുടെ പ്രവർത്തനമികവിനുള്ള അംഗീകാരമാണിതെന്ന് മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ, സ്റ്റേഷൻ മാസ്റ്റർമാർ, ടെക്നീഷ്യൻമാർ, പോയിന്റ്സ്മാൻമാർ, സൂപ്പർവൈസർമാർ, വിവിധ വിഭാഗത്തിലെ ജീവനക്കാർ തുടങ്ങിയവരാണ് ബോണസിന് അർഹരായ വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്.
രാജ്യത്തെ ചരക്ക് നീക്കത്തിലും യാത്രക്കാരുടെ ഗതാഗതത്തിലും റെയിൽവേ കൈവരിച്ച നേട്ടങ്ങളും ബോണസ് അനുവദിക്കുന്നതിനുള്ള കാരണങ്ങളായി കേന്ദ്രം ചൂണ്ടിക്കാട്ടി. 2025–26 സാമ്പത്തിക വർഷത്തിൽ റെയിൽവേ 1,670 ദശലക്ഷം ടൺ ചരക്ക് നീക്കം ചെയ്തതും ഏകദേശം 741 കോടി യാത്രക്കാരെ കൊണ്ടുപോയതും വലിയ നേട്ടമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഈ പ്രവർത്തനമികവിന്റെ അംഗീകാരമായാണ് ബോണസ് അനുവദിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ദീപാവലിക്ക് മുമ്പുള്ള ബോണസ് പ്രഖ്യാപനം ജീവനക്കാർക്ക് അധിക സാമ്പത്തിക സഹായമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.