മഴവിൽ നിറത്തിൽ ചായം പൂശി റോഡുകൾ ; മഴയിൽ വഴുതി വീണ് ബൈക്ക് യാത്രക്കാർ
കൊൽക്കത്ത : ദുർഗാപൂജ ആഘോഷങ്ങൾക്ക് മുന്നോടിയായി നഗരത്തിലെ ഫ്ലൈഓവറുകൾക്ക് മോടി കൂട്ടിയപ്പോൾ അപകടക്കെണിയായി മാറിയത് റോഡുകൾ. മോടി കൂട്ടലിന്റെ ഭാഗമായി പെയിന്റിങ് നടത്തിയ കൊൽക്കത്തയിലെ ചിംഗ്രിഘട്ട ഫ്ലൈഓവർ മഴയിൽ വഴുതലുള്ളതായി മാറിയതോടെ ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നു. ചായം പൂശിയ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ബൈക്കുകൾ തെന്നിവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ റോഡ് സുരക്ഷയെക്കുറിച്ച് വൻ ആശങ്ക ഉയർന്നിരിക്കുകയാണ്.
ബുധനാഴ്ച ഉച്ചയോടെ മഴ പെയ്തപ്പോഴാണ് സംഭവം. ഫ്ലൈഓവറിലെ പെയിന്റ് ച്യ്ത റോഡിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് ബൈക്ക് യാത്രക്കാർ വളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. പിന്നാലെ സഞ്ചരിച്ച കാറിന്റെ ഡാഷ് കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ദുർഗാപൂജയോടനുബന്ധിച്ച് നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് കൊൽക്കത്തയിലെ ചിംഗ്രിഘട്ട, ഗരിയഹട്ട് തുടങ്ങിയ ഫ്ലൈഓവറുകളിൽ മഴവിൽ നിറങ്ങളിൽ പെയിന്റിങ് നടത്തിയത്. കൊൽക്കത്ത മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയും (കെഎംഡിഎ) ഹൂഗ്ലി റിവർ ബ്രിഡ്ജ് കമീഷണേഴ്സുമാണ് (എച്ച്ആർബിസി) പദ്ധതിക്ക് നേതൃത്വം നൽകിയത്. എന്നാൽ റോഡിൽ ഉപയോഗിച്ച പെയിന്റ് വളരെ മിനുസവും വഴുതൽ പ്രതിരോധശേഷിയില്ലാത്തതും ആയതിനാലാണ് അപകടത്തിന് കാരണമാവുന്നത്. നനഞ്ഞ റോഡിൽ ടയറുകൾക്ക് വേണ്ടത്ര ഘർഷണം ലഭിക്കാത്തതാണ് ബൈക്കുകൾ തെന്നിവീഴാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഈസ്റ്റ് മെട്രോപൊളിറ്റൻ ബൈപാസിനെയും സെക്ടർ അഞ്ചിനെയും ബന്ധിപ്പിക്കുന്ന ചിംഗ്രിഘട്ട ഫ്ലൈഓവർ നഗരത്തിലെ തിരക്കേറിയ പാതകളിലൊന്നാണ്. ഓറോബിന്ദോ സേതു, ധനധാന്യേ സേതു, ചേത്ല പാലം തുടങ്ങിയ ഇടങ്ങളിലും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പെയിന്റിങ് നടത്താൻ പദ്ധതിയിട്ടിരുന്നു. റോഡുകളുടെ സുരക്ഷ ഉറപ്പാക്കാതെ നടത്തിയ സൗന്ദര്യ വൽക്കരണത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.