14 മിനിറ്റിനുള്ളിൽ വന്ദേഭാരതിലെ ശുചീകരണം പൂർത്തിയാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഒക്ടോബർ ഒന്ന് മുതലാണ് ജപ്പാൻ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിൽ വന്ദേ ഭാരതിലെ അതിവേഗ ശുചീകരണം. എല്ലാ കോച്ചുകളിലും നാല് ജീവനക്കാരെ നിയോഗിച്ചാവും അതിവേഗ ശുചീകരണം പൂർത്തിയാക്കുക.
ഒരു ട്രെയിൻ സർവീസ് പൂർത്തിയായതിന് ശേഷം ശുചിയാക്കാൻ മുമ്പ് മൂന്ന് മണിക്കൂർ വരെ സമയമെടുത്തിരുന്നു. ഇതാണ് 14 മിനിറ്റായി ചുരുക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ ഏഴ് മിനിറ്റിനുള്ളിലാണ് ശുചീകരിക്കുന്നത്.
മണിക്കൂറുകളെടുക്കുന്ന ശുചീകരണം മിനിറ്റുകളാക്കി ചുരുക്കുന്നതിലൂടെ വലിയ മുന്നേറ്റമാണ് റെയിൽവേ ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എല്ലാ ട്രെയിനും 14 മിനിറ്റിനുള്ളിൽ ശുചിയാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. വന്ദേഭാരതിൽ ഇതിന് തുടക്കം കുറിക്കുന്നുവെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കോച്ചുകളിലും നാല് ജീവനക്കാരെയാണ് ശുചീകരണത്തിനായി വിന്യസിക്കുക. ശുചീകരണ തൊഴിലാളികൾക്ക് ഇതിനായി ഒരു മാസം പരിശീലനം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മോക്ഡ്രില്ലുകളും നടത്തിയിട്ടുണ്ടെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. 29 വന്ദേഭാരത് ട്രെയിനുകൾ 14 മിനിറ്റിൽ ശുചിയാക്കി ഡൽഹി കന്റോൺമെന്റ് സ്റ്റേഷനിലാവും പദ്ധതിക്ക് തുടക്കം കുറിക്കുക. വാരണാസി, ഗാന്ധിനഗർ, മൈസൂർ, നാഗ്പൂർ സ്റ്റേഷനുകളിലും വൈകാതെ പുതിയ സംവിധാനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.