പ്രധാനമന്ത്രി നരേന്ദ്ര മോദി

'കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലോകത്തെ അത്ഭുതപ്പെടുത്തി, എന്നാൽ വിമർശകരുടെ ശ്രദ്ധ എന്‍റെ ഫോട്ടോയിൽ'- മോദി

ഗാന്ധിനഗർ: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിനെതിരെയും യു.പി.ഐ പോലുള്ള സംരംഭങ്ങൾക്കെതിരെയും ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇന്ത്യ ഡ്രൈവ് പൗരൻമാരുടെ ജീവിതം ലളിതമാക്കിയെന്നും ഇടനിലക്കാരെ നീക്കം ചെയ്തെന്നും മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ വീക്കിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രി പരസ്യമായി പ്രതികരിക്കുന്നത്.

പ്രതിരോധ കുത്തിവെപ്പ് നൽകിയ ഉടൻ തന്നെ പൗരൻമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ സാധിച്ചത് ലോകം മുഴുവൻ ചർച്ച ചെയ്യുമ്പോൾ ഇവിടെ ചിലർ സർട്ടിഫിക്കറ്റിലെ തന്‍റെ ഫോട്ടോ മാത്രം ശ്രദ്ധിച്ച് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചെന്ന് മോദി കുറ്റപ്പെടുത്തി.

രാജ്യത്തെ ഇത്രയും വലിയ ജനസംഖ്യക്ക്, അവർക്ക് ലഭ്യമായ ഡോസുകളുടെ സർട്ടിഫിക്കറ്റുകൾ ഉടനടി വിതരണം ചെയ്യുന്നത് കണ്ട് ലോകം തന്നെ അത്ഭുതപ്പെട്ടു. വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ മറ്റ് പല രാജ്യങ്ങളിലെയും ജനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ടനുഭവിച്ചു. എന്നാൽ ഇന്ത്യയിൽ ഒരാൾ വാക്സിൻ സ്വീകരിച്ചാൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് അയാളുടെ ഫോണിൽ ലഭ്യമാകും- മോദി പറഞ്ഞു. സർട്ടിഫിക്കറ്റ് കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞു എന്നത് കാണാതെ എന്തിനാണ് അവർ തന്‍റെ ഫോട്ടോ മാത്രം ശ്രദ്ധിച്ച് വിവാദമുണ്ടാക്കുന്നതെന്നും മോദി ചോദിച്ചു.

വ്യാപാരികളും, ചെറുകിട കച്ചവടക്കാരും യാചകരുമുൾപ്പടെ ഡിജിറ്റൽ പേയ്മെന്‍റ് ഉപയോഗിച്ച് തുടങ്ങിയെന്ന് മോദി അവകാശപ്പെട്ടു. നോട്ട് നിരോധനത്തിന്‍റെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി പി. ചിദംബരം പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു മോദിയുടെ പ്രതികരണം. പദ്ധതി പാർലമെന്‍റിൽ അവതരിപ്പിച്ചപ്പോൾ നിരവധി പ്രശ്നങ്ങളാണ് മുൻ ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. ആളുകൾക്ക് മൊബൈൽ ഫോണില്ല, അപ്പോൾ അവരെങ്ങനെ ഡിജിറ്റൽ പേയ്മെന്‍റ് ഉപയോഗിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

'അദ്ദേഹം ഉയർന്ന വിദ്യാഭ്യാസമുള്ള ആളാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ പ്രധാന പ്രശ്നം അവർ എല്ലാ കാര്യത്തിലും ഒരുപാട് വിശകലനങ്ങൾ നടത്തും'- മോദി പറഞ്ഞു. മേയിൽ ഓരോ മിനിറ്റിലും 1.2 ലക്ഷം യു.പി.ഐ ഇടപാടുകൾ നടന്നു. ഇത് വൻകിട കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും തമ്മിലുള്ള വിടവ് നികത്തി.

ഡിജിറ്റൽ ഇടപാടുകളുടെ 40 ശതമാനവും നടക്കുന്നത് വികസ്വര രാജ്യമായ ഇന്ത്യയിലാണ്. യു.പി.ഐ എന്നത് വളരെ ജനകീയമായ പേയ്മെന്‍റ് സംവിധാനമാണ്. യു.പി.ഐ ഉൽപ്പന്നങ്ങൾക്ക് ജനാധിപത്യ മൂല്യങ്ങളുണ്ട് അവ വളരെ സുരക്ഷിതമാണ്. ഡിജിറ്റൽ ഇന്ത്യ സംരംഭം ഏകദേശം 23 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലേക്ക് നയിച്ചതായും കഴിഞ്ഞ എട്ട് വർഷത്തിനിടെ 2.25 ലക്ഷം കോടിയുടെ ചോർച്ച തടയാൻ സാധിച്ചതായും മോദി വ്യക്തമാക്കി.

Tags:    
News Summary - Vaccination certificates amazed world but critics focused on my pic: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.