ബംഗളൂരു: പശുസംരക്ഷണത്തിെൻറ ഭാഗമായി പാലും നെയ്യും തൈരും മാത്രമല്ല, ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിർമിച്ച സോപ്പും ഷാമ്പൂവും അടക്കമുള്ള ഉൽപന്നങ്ങളും ഉപയോഗിക്കാൻ ശീലിക്കണമെന്ന് കർണാടക മൃഗസംരക്ഷണ-ഹജ്ജ് വഖഫ് മന്ത്രി പ്രഭു ചൗഹാൻ. സംസ്ഥാനത്ത് ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഒാർഡിനൻസിലൂടെ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് വകുപ്പ് മന്ത്രിയുടെ അഭ്യർഥന.
ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്, ഷാമ്പൂ, ത്വഗ്ലേപനം തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണെന്നും ഇവ ജനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിലെ വിഷാംശം കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനായി ഇത്തരം ഉപോൽപന്നങ്ങൾ സംബന്ധിച്ച് കാര്യമായ ഗവേഷണത്തിന് സർക്കാർ മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന പശുക്കളുടെ മേൽനോട്ടം വഹിക്കാൻ തയാറുള്ളവർ സർക്കാറിന് സഹായകരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ പാസായെങ്കിലും നിയമനിർമാണ കൗൺസിലിൽ പാസാക്കാനാവാത്തതിനാൽ യെദിയൂരപ്പ സർക്കാർ ഒാർഡിനൻസ് ഇറക്കുകയായിരുന്നു. ഒാർഡിനൻസിന് ഡിസംബർ അഞ്ചിന് ഗവർണർ വാജുഭായി വാല അനുമതി നൽകിയതോടെയാണ് നിയമം പ്രാബല്യത്തിലായത്. പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വിൽക്കുന്നതിനുമാണ് നിരോധനം. 13 വയസ്സിന് മുകളിലുള്ള പോത്തുകളെ വെറ്ററിനറി ഒാഫിസറുടെയോ അധികാരികളുടെയോ അനുമതിയോടെ അറുക്കാൻ അനുമതിയുണ്ട്. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.