രക്ഷപ്പെടുത്തിയ തൊഴിലാളികൾ
കർണാടകയിലെ ഹസൻ ജില്ലയിൽ നിന്നും 18 അടിമ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇരകളിൽ ഒരാൾ രക്ഷപ്പെട്ട് കുടുംബത്തെ വിവരം അറിയിച്ചതാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. 'ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള നിരവധി തൊഴിലാളികളെ നിയമവിരുദ്ധമായി തടവിലാക്കി വേതനമില്ലാതെ ജോലി ചെയ്യിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ, റവന്യൂ വകുപ്പുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 18 അടിമ തൊഴിലാളികളെ വിജയകരമായി രക്ഷപ്പെടുത്തി' ഹസനിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് എം. തമ്മയ്യ പറഞ്ഞു.
ഇരകളിലൊരാളായ ഈരന്നയുടെ കുടുംബം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് ബേലൂർ താലൂക്കിലെ ജൂട്ടനഹള്ളി ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നടന്നത്. വിജയപുരയിൽ നിന്നുള്ള ഈരന്നയുടെ അമ്മ, തന്റെ മകനെ ചിലർ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് മാധ്യമങ്ങളെയും അധികാരികളെയും സമീപിച്ചിരുന്നു.
ഒരു ഷെഡിനുള്ളിൽ അസഹനീയമായ സാഹചര്യത്തിൽ താമസിക്കുന്ന രീതിയിലാണ് തൊഴിലാളികളെ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. 'തൊഴിലാളികളെ ഒരു ഷെഡിൽ പൂട്ടിയിട്ടിരുന്നു. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിച്ചിരുന്നില്ല. രാവിലെ മുതൽ വൈകുന്നേരം വരെ ഇഞ്ചി പാടത്ത് ജോലി ചെയ്യാൻ നിർബന്ധിക്കുകയും നിരന്തരമായ നിരീക്ഷണത്തിൽ നിർത്തുകയും ചെയ്തു. ഇത് മനുഷ്യാവകാശങ്ങളുടെയും ബോണ്ടഡ് ലേബർ സിസ്റ്റം നിയമത്തിന്റെയും വ്യക്തമായ ലംഘനമാണ്' -തമ്മയ്യ പറഞ്ഞു.
നാഗരാജ് (42), മോഹനേഷ് (45) എന്ന കർണാടക സ്വദേശികളാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ദുർബലരായ വ്യക്തികളെ ഇവർ തടങ്കലിൽ വെച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവർ തൊഴിലാളികളെ വേതനമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിച്ചു. അടിസ്ഥാന സൗകര്യങ്ങളും സഞ്ചാര സ്വാതന്ത്രവും നിഷേധിച്ചു.
'ഇരകളിൽ ഒരാൾ രക്ഷപ്പെടുകയും തന്‍റെ അവസ്ഥ കുടുംബത്തെ അറിയിക്കുകയുമായിരുന്നു. ഇത് അധികാരികൾക്ക് സ്ഥലം കണ്ടെത്താനും രക്ഷാപ്രവർത്തനം ആരംഭിക്കാനും സഹായിച്ചു. അദ്ദേഹത്തിന്റെ ധൈര്യം മറ്റ് 17 പേരെ സമാനമായ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചു' -തമ്മയ്യ കൂട്ടിച്ചേർത്തു.
കേരളം, ഒഡീഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലെ ഹാവേരി, വിജയപുര, ഗദഗ് തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ളവരാണ് തൊഴിലാളികൾ. പലർക്കും ആശയ വിനിമയത്തിനുപോലും സാധിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടുത്തിയ തൊഴിലാളികൾക്ക് ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള പുനരധിവാസ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.