രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസിനെയും ബി.ജെ.പിയെയും ഞെട്ടിച്ച് സ്വതന്ത്രർ
ജയ്പൂർ: രാജസ്ഥാൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോൺഗ്രസിനും തലവേദനയായി സ്വതന്ത്രരുടെ വിജയങ്ങൾ. മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ ജില്ലകളിൽ സ്വതന്ത്രർ മികച്ച വിജയം നേടി ഏറ്റവും വലിയ ശക്തിയായതിനു പിന്നാലെ, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാൻ ബി.ജെ.പിയും കോൺഗ്രസും സ്വതന്ത്രരുമായി വിലപേശലും ആരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ പിടിച്ച് മുഖം രക്ഷിക്കാനായെങ്കിലും ശക്തികേന്ദ്രങ്ങളിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. രണ്ടു വർഷം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർമാരുടെ മനസ്സ് അടയാളപ്പെടുത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനും തിരിച്ചടിയായി. സ്വതന്ത്രർക്കൊപ്പം, ആം ആദ്മി പാർട്ടി, രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, ഇടതു പാർട്ടികൾ എന്നിവരും വിവിധ മുനിസിപ്പാലിറ്റികളിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഭജൻലാൽ ശർമയുടെ സ്വന്തം നാട്ടിലും, അയൽ ജില്ലയിലും സ്വതന്ത്രരാണ് വിജയംകൊയ്തത്. മുഖ്യമന്ത്രിയുടെ ജില്ലയായ ഭരത്പൂരിലും, തൊട്ടടുത്ത ദീഗിലും മൂന്നിൽ രണ്ട് ശതമാനം സീറ്റുകളും സ്വതന്ത്രർ സ്വന്തമാക്കി.
സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന 10,245 വാർഡുകളിൽ 4179 സീറ്റുകളിൽ ബി.ജെ.പിയും, 3613 ഇടത്ത് കോൺഗ്രസും ജയിച്ചപ്പോൾ 2273 സീറ്റുകളിലാണ് സ്വതന്ത്രരുടെ വിജയം. ബി.ജെ.പി 40.80 ശതമാനം വോട്ടും, കോൺഗ്രസ് 35.3 ശതമാനം വോട്ടും നേടിയപ്പോൾ, സ്വതന്ത്രർ 22.2 ശതമാനം വോട്ട് നേടി ഭരണ-പ്രതിപക്ഷത്തെ വിറപ്പിച്ചു.
സംസ്ഥാനത്തെ പത്തിൽ നാല് കോർപറേഷനുകളിൽ ബി.ജെ.പി വ്യക്തമായ മേധാവിത്വം സ്ഥാപിച്ചപ്പോൾ, ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് ഭരണം പിടിക്കാനായത്. ജയ്പൂർ, കോട്ട, ഉദയ്പൂർ, ബിൽവാറ കോർപറേഷനുകളിൽ ബി.ജെ.പി വിജയിച്ചു. ബികാനീർ കോർപറേഷൻ ഭരണം കോൺഗ്രസും നേടി. എന്നാൽ, ശേഷിച്ച അഞ്ചിടങ്ങളിൽ സ്വതന്ത്രർ നിർണായക ഘടകങ്ങളായി മാറി. അജ്മീർ, പാലി കോർപറേഷനുകളിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സ്വതന്ത്രരുടെ പിന്തുണയുണ്ടെങ്കിലേ ഭരിക്കാനാവൂ.
അതേസമയം, മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജയുടെ ശക്തികേന്ദ്രമായ ജലവാറിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. 45ൽ 29ലും ജയിച്ച കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ, ബി.ജെ.പിക്ക് 13 സീറ്റിലേ ജയിക്കാനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.