ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനൊപ്പം 300 കോടിയോളം ഡോളറിന്റെ (ഏകദേശം 24,600 കോടി രൂപ) സായുധ ഡ്രോൺ വാങ്ങാനുള്ള കരാറിന് ഊർജിത നീക്കം. മോദിയുടെ യാത്രക്ക് മുന്നോടിയായി ഡൽഹിയിലെത്തിയ അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ ഇക്കാര്യത്തിൽ സമ്മർദം ചെലുത്തിയെന്നാണ് സൂചന.
ജനറൽ ഓട്ടോമിക്സ് നിർമിക്കുന്ന എം.ക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ 30 എണ്ണം വാങ്ങാൻ നേരത്തേ ചർച്ചകൾ നടന്നിരുന്നു. സമുദ്ര നിരീക്ഷണത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
മുന്തിയ സൈനിക ഡ്രോൺ സ്വന്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതിനൊപ്പം, ദക്ഷിണ ചൈന കടലിൽ ചൈനക്കെതിരായ നീക്കത്തിൽ ഇന്ത്യയുടെ സഹകരണം വർധിപ്പിക്കുകയെന്ന ലക്ഷ്യം അമേരിക്കക്കും ഉണ്ട്. ‘ക്വാഡ്’ സഖ്യരാജ്യങ്ങളുടെ കൂട്ടായ്മയിൽ യു.എസ്, ആസ്ട്രേലിയ, ജപ്പാൻ എന്നിവക്കൊപ്പം പങ്കാളിയാണ് ഇന്ത്യ. ഈ ഇനത്തിൽപെട്ട ഡ്രോണുകൾ പാട്ടത്തിനെടുത്താണ് ഇന്ത്യ ഇപ്പോൾ രഹസ്യ നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ ഡ്രോൺ ഇടപാടിന്റെ കാര്യത്തിൽ തീരുമാനമായേക്കും.
സംയുക്ത ആയുധ, വാഹന നിർമാണവും ചർച്ചയിലുണ്ട്. യുക്രെയ്ൻ സംഘർഷങ്ങൾക്കിടയിൽ റഷ്യയുമായി സാമ്പത്തിക, സൈനികബന്ധം ഇന്ത്യ തുടരുന്നതിലുള്ള അമേരിക്കയുടെ അതൃപ്തി ചർച്ചയിൽ ഉയർന്നുവന്നേക്കും.
ഈ മാസം 21 മുതൽ 24 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം.
പ്രധാനമന്ത്രിയെന്ന നിലയിൽ നേരത്തെ നാലുവട്ടം അമേരിക്ക സന്ദർശിച്ചിട്ടുണ്ടെങ്കിലും നയതന്ത്ര പ്രോട്ടോക്കോൾ പ്രകാരം മുന്തിയ പരിഗണന ലഭിക്കുന്ന പ്രഥമ ‘സ്റ്റേറ്റ് വിസിറ്റ്’ ആണ് ഇത്തവണ. വ്യക്തിയെന്നതിനേക്കാൾ, ഇന്ത്യയുടെ രാഷ്ട്രനേതാവ് എന്നനിലയിൽ 21 ആചാര വെടികൾ മുഴക്കിയുള്ള സ്വീകരണം അടക്കമുള്ളവ ലഭിക്കും. 2009ൽ മൻമോഹൻസിങ്ങിന് ലഭിച്ചശേഷം ഇതാദ്യം.
20ന് ന്യൂയോർക്കിലെത്തുന്ന മോദി, 21ന് അന്താരാഷ്ട്ര യോഗ ദിനം പ്രമാണിച്ച് യു.എൻ സെക്രേട്ടറിയറ്റിലെ യോഗ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് വാഷിങ്ടണിലേക്ക്. 22നാണ് മോദി-ബൈഡൻ ചർച്ച. ഉച്ചക്കുശേഷം യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. വിവിധ സ്ഥാപന മേധാവികളുമായി അന്ന് ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. 23ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരുമായി സംഭാഷണം നടത്തുന്ന മോദി, തുടർന്ന് ഇന്ത്യൻ പ്രവാസികളുടെ യോഗത്തെ അഭിസംബോധന ചെയ്യും. 24ന് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.