ഭാര്യ കൂടുതൽ സമ്പാദിക്കുന്നുണ്ടെങ്കിൽ ഭർത്താവ് ജീവനാംശം നൽകേണ്ടതില്ല: കർണാടക ഹൈകോടതി

ബംഗളൂരു: ഭാര്യ സാമ്പത്തികമായി സ്വതന്ത്രയും ഭർത്താവിനേക്കാൾ കൂടുതൽ വരുമാനം നേടുകയും മറ്റ് ആശ്രിതർ ഇല്ലാത്തതുമാണെങ്കിൽ ഭർത്താവ് ജീവനാംശം നൽകാൻ നിർബന്ധിതനല്ലെന്ന് കർണാടക ഹൈകോടതി. വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യക്ക് പ്രതിമാസ ജീവനാംശം നൽകാൻ കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹരജി ഹൈകോടതി അനുവദിച്ചു. ഭർത്താവ് എപ്പോഴും ഭാര്യയെ സാമ്പത്തികമായി സഹായിക്കാൻ ബാധ്യസ്ഥനാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിൽ മാത്രം ജീവനാംശം അനുവദിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഡോ. ചില്ലാകുർ സുമലത, കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.

ഭാര്യയുടെ പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപ

2024ൽ വിവാഹിതരായ ദമ്പതികൾ വിവാഹത്തിന് ഏതാനും മാസങ്ങൾക്കുള്ളിൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിരുന്നു. ഭർത്താവിന്‍റെ പ്രതിമാസ ശമ്പളം 60,646 രൂപയും, ഭാര്യയുടെ വരുമാനം പ്രതിമാസം ഏകദേശം 1 ലക്ഷം രൂപയുമാണെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഭർത്താവിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടായിട്ടും, ഭാര്യ ജീവനാംശം തേടി കീഴ്ക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് പ്രതിമാസം 20,000 രൂപ ജീവനാംശമായി നൽകണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരെയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്.

ഇരുപക്ഷത്തിന്‍റെയും സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം, ഭാര്യ സാമ്പത്തികമായി സ്വയംപര്യാപ്തയാണെന്നും കുട്ടികളെയോ മറ്റ് ആശ്രിതകളെയോ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കികല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തിൽ, കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന ഭർത്താവിനെ ജീവനാംശം നൽകാൻ നിർബന്ധിക്കുന്നത് നിയമപരമായി ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഭാര്യക്ക് മതിയായ വരുമാനമില്ലെങ്കിൽ മാത്രം ജീവനാംശം: ഹൈകോടതി

വിവാഹബന്ധം നിലനിൽക്കുന്നതുകൊണ്ട് മാത്രം ജീവനാംശം അനുവദിക്കപ്പെടേണ്ടതല്ലെന്നും, സ്വന്തമായി വരുമാനമില്ലാത്ത പങ്കാളിക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ജീവനാംശം ഉദ്ദേശിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയെ പിന്തുണക്കുക എന്നത് എപ്പോഴും ഭർത്താവിന്‍റെ ഉത്തരവാദിത്തമാണെന്ന പരമ്പരാഗത ധാരണയുടെ അടിസ്ഥാനത്തിൽ മാത്രം ജീവനാംശം അനുവദിക്കരുതെന്ന് ജസ്റ്റിസ് സുമലത കൂട്ടിച്ചേർത്തു. പകരം, ഇരുകക്ഷികളുടെയും സാമ്പത്തിക ശേഷിയും സാഹചര്യങ്ങളും കണക്കിലെടുത്തായിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടത്.

വിവാഹസമയത്ത് അനുഭവിച്ചിരുന്ന ജീവിത നിലവാരം നിലനിർത്താൻ ഭാര്യക്ക് മതിയായ വരുമാനമില്ലെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഇടക്കാലമോ സ്ഥിരമോ ആയ ജീവനാംശം അനുവദിക്കാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യ സാമ്പത്തികമായി സുരക്ഷിതയും ഭർത്താവിനേക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്നവളും മറ്റ് സാമ്പത്തിക ബാധ്യതകളില്ലാത്തവളും ആണെങ്കിൽ, ഭർത്താവിനോട് ജീവനാംശം നൽകാൻ ആവശ്യപ്പെടുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ആവർത്തിച്ചു.

Tags:    
News Summary - karnadaka highcourt If the wife earns more, the husband does not have to pay alimony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.