പ്രതീകാത്മക ചിത്രം

യമുനാ എക്സ്‌പ്രസ് വേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു: 4 മരണം, 20ഓളം പേർക്ക് പരിക്ക്

മഥുര: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുനാ എക്സ്‌പ്രസ് വേയിൽ ചൊവ്വാഴ്ച പുലർച്ചെ വോൾവോ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  65ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെ റായ പൊലീസ് സ്റ്റേഷൻ പരിധിയിൽ യമുനാ എക്സ്‌പ്രസ് വേയിലെ 112-ാം മൈൽസ്റ്റോണിനും 113-ാം മൈൽസ്റ്റോണിനും ഇടയിലാണ് അപകടം നടന്നത്. 'ഗോള ബസ് സർവീസി'ന്റെ വോൾവോ ബസ് മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ നാല് യാത്രക്കാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 20 മുതൽ 25 വരെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടവിവരം അറിഞ്ഞയുടൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ), മഹാവാൻ സർക്കിൾ ഓഫീസർ, റായ പൊലീസ് സ്റ്റേഷൻ ഇൻചാർജ് എന്നിവർ സ്ഥലത്തെത്തി. ഇവരോടൊപ്പം സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ഉടൻ തന്നെ പുറത്തെടുത്ത് ആംബുലൻസുകളിൽ മഥുര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ബസിലുണ്ടായിരുന്നവരിൽ 35ഓളം പേർക്ക് പരിക്കുകളൊന്നുമില്ല. മരിച്ച നാല് പേരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ വിവരം അറിയിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.


Tags:    
News Summary - 4 death in yamuna express way accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.