ലക്നോ: സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷക്ക് വിധേയമാക്കുന്നു. അംറോഹ കൂട്ടക്കൊല കേസ് പ്രതി ഷബ്നത്തിന്‍റെ വധശിക്ഷ നടപ്പാക്കാൻ ഒരങ്ങുകയാണ് ജയിൽ വകുപ്പ്. തൂക്കിലേറ്റുന്ന തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഥുരയിലെ ജയിലിൽ വധ ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഷബ്നവും കാമുകനായ സലീമും ചേർന്ന് ഷബ്നത്തിന്‍റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. 2008 ഏപ്രിൽ 14ന് രാത്രിയിലാണ് നാടിനെ നടുക്കിയ ആ കൊലപാതകങ്ങൾ അരങ്ങേറിയത്. ഷബ്നത്തിന്‍റെ പിതാവ് ഷൗക്കത്ത്, മാതാവ് ഹശ്മി, സഹോദരങ്ങളായ റഷീദ്, അനീസ്, റാബിയ, സഹോദരഭാര്യ അൻജും എന്നിവരെയാണ് രണ്ടുപേരും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍റെ രണ്ടര വയസ്സായ മകനായ അർഷിനെയും ഷബ്നം വെറുതെ വിട്ടില്ല. ശ്വാസംമുട്ടിച്ചാണ് അർഷിനെ കൊന്നത്.
സലീമുമായുള്ള ബന്ധത്തിന് കുടുംബാംഗങ്ങൾ തടസം നിന്നതാണ് കൊലക്ക് പ്രേരിപ്പിച്ചത്. 2010 ജൂലായിലാണ് ഇരുവരെയും ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചത്. വിധിക്കെതിരെ ഇവർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളി.
ഷബ്നം ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. എന്നാൽ മഥുരയിലെ ജയിലിൽവെച്ചാകും ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്നത് മഥുരയിലെ ജയിലിലാണ്. 150 വർഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല. 1870ൽ ഇവിടെ സ്ത്രീകളെ തൂക്കിലേറ്റുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയത് ബ്രിട്ടീഷ് ഗവൺമെന്‍റാണ്.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാണ് ഷബ്നത്തെ തൂക്കിലേറ്റുന്നത്. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവൻ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ബക്സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചു.
മരണ വാറന്‍റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്ന് മഥുര ജയിൽ സീനിയർ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.