അതിശക്തമായ മിന്നൽച്ചുഴലിയിൽ തകർന്നടിഞ്ഞ് വീടുകൾ, യു.പിയിൽ മരണസംഖ്യ ഉയരുന്നു; 38 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

ലഖ്‌നോ: ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ അതിശക്തമായ മിന്നൽച്ചുഴലിയിലും ആലിപ്പഴ വർഷത്തിലും മരിച്ചവരുടെ എണ്ണം 89 കടന്നു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 38 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ആഞ്ഞടിച്ച കാറ്റിൽ മരങ്ങൾ പിഴുതെറിയപ്പെടുകയും വീടുകൾ തകരുകയും ചെയ്തതോടെ സംസ്ഥാനത്തെ പല ജില്ലകളും നിമിഷനേരം കൊണ്ട് തകർന്നുതരിപ്പണമായി.

ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രയാഗ്‌രാജ് ജില്ലയെയാണ്. ഇവിടെ മാത്രം അഞ്ച് താലൂക്കുകളിലായി 21 പേർ മരിച്ചു. ഇതിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. നിരവധി വീടുകൾ തകരുകയും കന്നുകാലികൾ ചാവുകയും ചെയ്തു. പല കുടുംബങ്ങളും മിനിറ്റുകൾക്കുള്ളിലാണ് വഴിയാധാരമായത്. ഭദോഹി (16 മരണം), ഫത്തേപൂർ (9), മിർസാപൂർ (15) എന്നിവിടങ്ങളിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉന്നാവോയിൽ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മാവ് കടപുഴകി വീണ് 70 വയസ്സുള്ള റാം ആശ്രയ് എന്ന കർഷകൻ കൊല്ലപ്പെട്ടു. അസിവാനിൽ ഒൻപത് വയസ്സുകാരനായ അൻഷിന്റെ ജീവൻ കവർന്നത് വീടിന് മുകളിലേക്ക് വീണ യൂക്കാലിപ്‌റ്റസ് മരമാണ്. പാടത്ത് ജോലി ചെയ്തിരുന്ന കർഷകരും വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടികളും സുരക്ഷിതസ്ഥാനം തേടിയ വയോധികരുമാണ് ഈ പ്രകൃതിക്ഷോഭത്തിന്റെ ഇരകളായവരിൽ അധികവും.

കാറ്റിലും മഴയിലും നൂറുകണക്കിന് വൈദ്യുതി തൂണുകൾ പിഴുതെറിയപ്പെട്ടതോടെ പല ജില്ലകളും പൂർണ്ണമായും ഇരുട്ടിലായി. മരങ്ങൾ വീണ് റോഡ് ഗതാഗതം തടസ്സപ്പെടുകയും വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങൾ വീഴുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു.

ലഖ്‌നോ, പ്രയാഗ്‌രാജ്, ജൗൻപൂർ, ബന്ദ തുടങ്ങി 38 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ധനസഹായം നൽകാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ മറ്റൊരു പ്രതിസന്ധി കൂടി സംസ്ഥാനത്തെ കാത്തിരിക്കുകയാണ്. മെയ് 15 മുതൽ താപനില 6 മുതൽ 8 ഡിഗ്രി വരെ ഉയരുമെന്നും പലയിടങ്ങളിലും ചൂട് 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.

Tags:    
News Summary - UP's Killer Storm Claims 74, 38 Districts Still On Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.