ലഖ്നോ: യു.പിയിൽ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ. മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ഇയാൾ ആഭരണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
യു.പിയിലെ ഹിരൺവാദ ഗ്രാമത്തിൽ നിന്നുള്ള സചിൻ കുമാറിന്റെ ഭാര്യ 26കാരിയായ ശ്വേത വാഹനാപകടത്തിലാണ് മരിച്ചത്. തുടർന്ന് അവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വനിത പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിന് മുമ്പ് പരിശോധന നടത്തി. ഈ പരിശോധനയിൽ യുവതിയുടെ മൃതദേഹത്തിൽ നിന്ന് കമ്മലുകൾ നഷ്ടമായതായി കണ്ടെത്തി. പൊലീസാണ് കമ്മലുകൾ മോഷ്ടിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ആശുപത്രി ജീവനക്കാരനായ വിജയ് തനിക്ക് കമ്മലുകളിലൊന്ന് നിലത്തുനിന്ന് ലഭിച്ചുവെന്ന് പറഞ്ഞ് പൊലീസിന് നൽകി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് വിജയ് ആണ് കമ്മലുകൾ മോഷ്ടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
ഇയാൾ ആഭരണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.കിഷോർ അഹുജ പൊലീസിന് പരാതി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.