yogi adithyanath

യു.പി തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ 'പന്ന പ്രമുഖ്' പട്ടികയിൽ യോഗി ആദിത്യനാഥും

ലഖ്നോ: അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയാറെടുപ്പുകൾ തകൃതിയാക്കി ബി.ജെ.പി. ഇതിന്‍റെ ഭാഗമായി 50 ലക്ഷം പ്രവർത്തകരെ പന്ന പ്രമുഖ് പട്ടികയിൽ ഉൾപ്പെടുത്തി താഴേത്തട്ടിൽ പ്രചാരണം ശക്തിപ്പെടുത്തും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പന്ന പ്രമുഖ് പട്ടികയിൽ ഉൾപ്പെടുന്നതായി ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി. ജനങ്ങളെ നേരിൽ കണ്ട് ഇടപെട്ട് വോട്ടുകൾ ഉറപ്പിക്കുന്ന ചുമതലയാണ് പന്ന പ്രമുഖിനുള്ളത്.

വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിനെ ഏറ്റവും പ്രാധാന്യത്തോടെയാണ് ബി.ജെ.പി കാണുന്നത്. ഭരണം നിലനിർത്തുകയെന്നതോടൊപ്പം 2024ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ധൈര്യപൂർവം നേരിടാനും യു.പിയിൽ മികച്ച വിജയം ബി.ജെ.പിക്ക് ആവ‍ശ്യമാണ്. രാജ്യത്തെ ജനസംഖ്യ കൂടിയ സംസ്ഥാനമായ യു.പിയിൽ നിന്ന് 80 പേരെയാണ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കുക.

2007ൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ അമിത് ഷായാണ് പന്ന പ്രമുഖ് എന്ന ആശയത്തിന് തുടക്കമിട്ടത്. സൂക്ഷ്മതലത്തിൽ കൃത്യമായ പ്രവർത്തനത്തിന് പ്രവർത്തകരെ ഈ പദവി നൽകി സജ്ജമാക്കുകയാണ് ചെയ്തത്. ഇത് വലിയ വിജയം നേടി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2017ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ പ്രവർത്തനരീതി ലക്ഷ്യംകണ്ടിരുന്നു.

2012ൽ ബി.ജെ.പിക്ക് യു.പിയിൽ 47 സീറ്റുകൾ മാത്രമായിരുന്നു നേടാൻ സാധിച്ചത്. എന്നാൽ, 2017ൽ ആകെയുള്ള 403 സീറ്റിൽ 325ഉം നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 80ൽ 71 സീറ്റും നേടി. 2019ൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് നേരിട്ടെങ്കിലും ബി.ജെ.പിക്ക് 64 സീറ്റ് നേടാനായി.

ഒരു പന്ന പ്രമുഖ് 27 മുതൽ 60 വരെ ആളുകളെ സ്വാധീനിച്ച് വോട്ട് ഉറപ്പിക്കണമെന്നാണ് നേതൃത്വത്തിന്‍റെ നിർദേശം. ഉന്നതനേതാക്കളെ ഉൾപ്പെടുത്തിയതോടെ താഴെത്തട്ടിലുള്ള പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

ഖൊരക്പൂറിലെ 246ാം നമ്പർ ബൂത്തിലെ പന്ന പ്രമുഖായാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയോഗിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജിലെ 254ാം ബൂത്തിലെ പന്ന പ്രമുഖാണ്. ബി.ജെ.പി അധ്യക്ഷൻ, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവരെല്ലാം പന്ന പ്രമുഖ് പട്ടികയിലുണ്ട്.

കൂടുതൽ പ്രവർത്തകരെ രംഗത്തിറക്കാൻ 'ഞാനും ഒരു പന്ന പ്രമുഖനാണ്' എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. പന്ന പ്രമുഖുമാർക്ക് പാർട്ടി ദേശീയ അധ്യക്ഷന്‍റെയത്ര തന്നെ ഉത്തരവാദിത്തമുണ്ടെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഖ്നോവിലെത്തിയപ്പോൾ പ്രസംഗിച്ചത്.

കേരളമടക്കം ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും 'പന്ന പ്രമുഖ്' വരുന്നു

കേരളമടക്കം ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളിൽ പാർട്ടിയെ വളർത്താൻ 'പന്ന പ്രമുഖുകളെ' നിയമിക്കാനൊരുങ്ങി ബി.ജെ.പി ദേശീയ കമ്മിറ്റി. പ്രാദേശിക തലത്തിൽ ബൂത്ത് തല പ്രവർത്തനങ്ങൾക്ക് ശക്തി പകരാനാണ് പന്ന പ്രമുഖുകളെ നിയമിക്കുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിലെ ഓരോ പേജിലെ അംഗങ്ങളെ സ്വാധീനിക്കാൻ ഓരോ അംഗങ്ങളെ വീതമാണ് നിയമിക്കുക. ഇത് പ്രകാരം പാർട്ടിക്ക് സ്വാധീനമില്ലാത്ത 10,40,000 പോളിങ് ബൂത്തുകളിൽ കമ്മിറ്റികൾ രൂപീകരിച്ച് അതിൽ പന്ന പ്രമുഖുകളെ നിയമിക്കും.

ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനം. കേരളം, തമിഴ്‌നാട്, ഒഡീഷ,തെലങ്കാന ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പന്ന പ്രമുഖുകളെ നിയമിക്കുന്നത്. ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് സ്വാധീനമില്ലെന്ന തിരിച്ചറിവിൽ നിന്നാണ് തീരുമാനം. മുമ്പ് ഉത്തർപ്രദേശടക്കം പല സംസ്ഥാനങ്ങളിലും പാർട്ടി പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിത്.

2022 ഏപ്രിലാകുമ്പോഴേക്കും എല്ലാ ബൂത്തുകളിലും പന്നാ കമ്മറ്റികൾ നിലവിൽ വരും. ബംഗാളിൽ പാർട്ടി ഒരിക്കൽ വിജയം പിടിക്കുമെന്നും ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ വളർച്ച മുഖ്യലക്ഷ്യമാകണമെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ദേശീയ എക്‌സിക്യൂട്ടീവിൽ വച്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    
News Summary - UP polls: Adityanath among ‘panna pramukhs’ for micro-level voter contact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.