‘ഭരണഘടനയോട് കൂറ് പുലർത്തുന്നില്ല, യു.പി പൊലീസ് ഭരണപക്ഷത്തിന്റെ ഉപകരണങ്ങളായി മാറി’ -അലഹാബാദ് ഹൈകോടതി

അലഹാബാദ്: ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി. സംസ്ഥാനത്തെ വലിയൊരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും കൂറുപുലർത്തുന്നത് ഭരണഘടനയോടല്ല, മറിച്ച് അധികാരത്തിലിരിക്കുന്നവരോടാണെന്ന് കോടതി പറഞ്ഞു. ജനങ്ങൾക്കായി സേവനം ചെയ്യിക്കേണ്ടതിനുപകരം സ്വന്തം ആധിപത്യം ഉറപ്പിക്കാൻ പൊലീസിനെ ഉപകരണമാക്കുകയാണ് ഭരണാധികാരികൾ ചെയ്യുന്നതെന്നും ജസ്റ്റിസ് വിനോദ് ദിവാകർ കുറ്റപ്പെടുത്തി. തുടർന്ന് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. യു.പി ഗുണ്ട-സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമുള്ള കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും രാഷ്ട്രീയ പ്രീണനത്തിനുള്ള ആയുധങ്ങളായി മാറിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണവർഗത്തോട് വിധേയത്വം പുലർത്തുന്നവർക്ക് നഗരപ്രദേശങ്ങളിൽ മികച്ച തസ്തികകൾ പ്രതിഫലമായി ലഭിക്കുമ്പോൾ, സ്വതന്ത്രമായി നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ പ്രാധാന്യമില്ലാത്ത ഇടങ്ങളിലേക്ക് ഒതുക്കുകയാണ്. നിയമവാഴ്ചയെ ഭരണഘടനാപരമായ ബാധ്യതയായി കാണുന്നതിന് പകരം, തങ്ങളുടെ വഴിയിലെ തടസ്സമായാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ കണക്കാക്കുന്നതെന്നും ജസ്റ്റിസ് വിനോദ് ദിവാകർ പറഞ്ഞു.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ആസൂത്രിതമായ അടിച്ചമർത്തലുകൾ, രാഷ്ട്രീയ എതിരാളികൾക്കെതിരെ ഗുണ്ടാനിയമം ദുരുപയോഗം ചെയ്യൽ എന്നിവ ഇതിനകംതന്നെ കോടതികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണെന്ന് ഹൈകോടതി ഓർമിപ്പിച്ചു.

വ്യക്തിപരമായ താൽപര്യങ്ങൾക്കായി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് പൊലീസുകാർ തന്നെ തീരുമാനിക്കുന്നു. നിയമാനുസൃതമായ നടപടികൾ പാലിക്കാതെയാണ് അറസ്റ്റുകളും നടക്കുന്നത്. സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടനിലക്കാരായി ചില ഉദ്യോഗസ്ഥർ മാറിയെന്നും, ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും യോഗ്യതയും സ്വതന്ത്രമായി വിലയിരുത്താൻ സർക്കാർ തയാറാകണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - UP Police have become tools of the ruling party, not loyal to the Constitution - Allahabad High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.