സരയൂ നദി തീരത്ത് മുതലയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ലഖ്നോ: സരയൂ നദീതീരത്ത് ശവസംസ്കാരച്ചടങ്ങിനായി ചിതയൊരുക്കുന്നതി​നിടെ യുവാവിനെ മുതല പിടിച്ചു. 30കാരനായ ദീപക് ശർമ്മയെയാണ് മുതല ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യാമാതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്കിടെയാണ് സംഭവം.

ഉത്തർപ്രദേശ് ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ദീപക് ശർമ്മ ഭാര്യാമാതാവ് ഊർമ്മിള ദേവിയുടെ മരണവാർത്തയറിഞ്ഞാണ് ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിലെത്തുന്നത്. തുടർന്ന് ശവസംസ്കാരത്തിനുള്ള തയാറെടുപ്പുകൾക്കായി സരയൂ തീരത്തെത്തുകയായിരുന്നു. ചിതയൊരുക്കിക്കഴിഞ്ഞ് നദിയിൽ കുളിക്കുന്നതിനിടെയാണ് മുതല ആക്രമിച്ചത്.

തീരത്ത് ചിത ഒരുക്കാൻ സഹായിച്ച ശേഷം ദീപക് ശർമ നദിയിൽ കുളിക്കാൻ പോയെന്നും അപ്പോൾ നദിയിൽനിന്ന് മുതല ഉയർന്നുവന്ന് അയാളുടെ തലയിൽ കടിച്ച് നദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ദീപക് ശർമയുടെ മൃതദേഹം ഇനിയും ലഭിച്ചിട്ടില്ല.

ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവർ ശർമ്മയോട് നദിയിൽ ഇറങ്ങരുതെന്ന് നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം ഈ മുന്നറിയിപ്പ് അവഗണിച്ചുവെന്ന് ദൃക്‌സാക്ഷി രാജേഷ് ശുക്ല പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ ഗ്രാമവാസികളും ബോട്ട് ജീവനക്കാരും തിരച്ചിൽ ആരംഭിച്ചെങ്കിലും ശർമയെ കണ്ടെത്താൻ സാധിച്ചില്ല. പൊലീസും റവന്യൂ വകുപ്പ് സംഘവും നടത്തിയ തിരച്ചിലും വിഫലമായി. രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനായി ലഖ്നോവിൽനിന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചതായി അധികൃതർ പറഞ്ഞു.

Tags:    
News Summary - UP man swept away by crocodile at Saryu river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.