അടുത്ത തെരഞ്ഞെടുപ്പിലും രാഹുൽ അമേത്തിയിൽ മത്സരിക്കുമെന്ന് യു.പി കോൺഗ്രസ് അധ്യക്ഷൻ

ലഖ്‌നോ: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേത്തിയിൽ മത്സരിക്കുമെന്ന് പി.സി.സി അധ്യക്ഷൻ അജയ് റായ്. പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയങ്ക ഗാന്ധി വരാണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചാൽ എല്ലാ പ്രവർത്തകരും വിജയം ഉറപ്പുവരുത്താൻ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ പ്രിയങ്ക വരാണസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അജയ് റായിയെ സ്ഥാനാർഥിയാക്കുകയായിരുന്നു. ​പ്രിയങ്ക ഗാന്ധി അടുത്ത​ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ഭർത്താവ് റോബർട്ട് വാദ്ര സൂചന നൽകിയതിന് പിന്നാലെയാണ് അജയ് റായിയുടെ പ്രതികരണം.

കഴിഞ്ഞ തവണ അമേത്തിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നെങ്കിലും വയനാട്ടിൽ മാത്രമാണ് വിജയിക്കാനായത്. 2004 മുതൽ 2014 വരെ അമേത്തിയിലെ എം.പിയായിരുന്ന രാഹുലിനെ 2019ൽ സ്മൃതി ഇറാനി 55000ത്തോളം വോട്ടിന് തോൽപ്പിക്കുകയായിരുന്നു. 1999ൽ സോണിയ ഗാന്ധിയായിരുന്നു ലോക്‌സഭയിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1967 മുതൽ അമേത്തി കോൺഗ്രസിന്റെ കൈയിലായിരുന്നു. 1977-80 കാലയളവിലും 1998-99 കാലത്തെ ഒരു വർഷവും മാത്രമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടപ്പെട്ടത്.

Tags:    
News Summary - UP Congress president says that Rahul will contest in Amethi in the next election as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.