മദ്യ നിരോധന വിവാദങ്ങൾക്ക് പിന്നാലെ ഡിസ്റ്റിലറികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്

തമിഴ്നാട്: മദ്യത്തിലെ ആൽക്കഹോളിന്‍റെ അളവ് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കുള്ളിൽ തന്നെയാണെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട്ടിലെ മുഴുവൻ ഡിസ്റ്റിലറികളിലും കർശനമായ ഗുണനിലവാര പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. എൻറിക്ക എന്റർപ്രൈസസ് എന്ന സ്വകാര്യ കമ്പനി ഉൽപ്പാദിപ്പിക്കുന്ന 11 തരം മദ്യങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനവും തുടർന്ന് അവ വീണ്ടും വിൽപ്പനയ്‌ക്കെത്തിക്കാനുള്ള പെട്ടെന്നുള്ള തീരുമാനവും പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

തമിഴ്‌നാട്ടിലുടനീളം മദ്യവിൽപ്പന നടത്തുന്ന സംസ്ഥാന സർക്കാറിന്‍റെ ഏകീകൃത സ്ഥാപനമായ ടാസ്മാക് ഏഴ് കമ്പനികളിൽ നിന്നാണ് ബിയറും 11 നിർമാതാക്കളിൽ നിന്നാണ് വീര്യമുള്ള മദ്യവും വാങ്ങുന്നത്. ടാസ്മാക് വഴി വിൽക്കുന്ന എല്ലാ മദ്യങ്ങൾക്കും കർശനമായ ഗുണനിലവാര പരിശോധന വേണമെന്ന് ഉപഭോക്താക്കളും ടാസ്മാക് ജീവനക്കാരും ആവശ്യപ്പെട്ടിരുന്നു.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 13നാണ് എൻറിക്ക എന്റർപ്രൈസസ് ഉൽപ്പാദിപ്പിച്ച 11 തരം മദ്യങ്ങളുടെ വിൽപ്പന ടാസ്മാക് നിരോധിച്ചത്. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ഓഫിസ് ഈ നിരോധനം നീക്കാൻ ശുപാർശ ചെയ്യുകയും വിൽപ്പന പുനരാരംഭിക്കാൻ ടാസ്മാക്കിനോട് ആവശ്യപ്പെടുകയും ചെയ്തു. വിലക്ക് പെട്ടെന്ന് പിൻവലിച്ചത് സംശയങ്ങൾക്ക് വഴിവെക്കുകയും കൂടുതൽ കർശനമായ ഗുണനിലവാര പരിശോധന നടത്തണമെന്ന ആവശ്യത്തിന് ഇടയാക്കുകയും ചെയ്തു.

മദ്യ സാമ്പിളുകളിൽ പൊതുവിൽപ്പനക്ക് അനുയോജ്യമായ 42.8 ശതമാനം ആൽക്കഹോൾ അളവ് ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വൈനുകളിൽ 12 മുതൽ 15 ശതമാനം വരെയും ബിയറുകളിൽ 5 മുതൽ 8 ശതമാനം വരെയുമാണ് ആൽക്കഹോളിന്‍റെ അളവെന്നും എക്സൈസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ, ആൽക്കഹോളിന്‍റെ ശതമാനം മാത്രം പരിശോധിക്കുന്നത് ആധുനിക ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് പര്യാപ്തമല്ലെന്നാണ് ആരോഗ്യ വിദഗ്ധരും ഉപഭോക്തൃ ഗ്രൂപ്പുകളും ചൂണ്ടിക്കാണിക്കുന്നത്.

Tags:    
News Summary - Tamil Nadu has tightened inspections at distilleries following controversies over alcohol prohibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.