ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയും കേന്ദ്രസർക്കാറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ സുപ്രീം കോടതി കൊളീജിയം വീണ്ടും അയച്ച 10 ജഡ്ജി നിയമന ശിപാർശകൾ, പുനഃപരിശോധിക്കാനാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ മടക്കി.
ഈ ശിപാർശകളിൽ മൂന്നെണ്ണം മുമ്പ് കൊളീജിയം അയച്ചിരുന്നതാണ്. മറ്റ് ഏഴ് ശിപാർശകളിൽ കൊളീജിയം, ഹൈകോടതി കൊളീജിയത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൊളീജിയം വീണ്ടും അയച്ച ശിപാർശകൾ സർക്കാർ മുമ്പും പുനഃപരിശോധന നിർദേശിച്ച് തിരിച്ചയച്ചിട്ടുണ്ട്. സർക്കാറിന് കിട്ടുന്ന വിവരങ്ങളുടെയും ഇന്റലിജൻസ് അടക്കമുള്ള റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ശിപാർശകൾ തിരിച്ചയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ഹൈകോടതി കൊളീജിയങ്ങൾ ശിപാർശ ചെയ്യുന്ന പേരുകൾ സർക്കാർ സുപ്രീംകോടതി കൊളീജിയത്തിന്റെ ഉപദേശത്തിനായി അയക്കുകയാണ് പതിവ്. സുപ്രീംകോടതി കൊളീജിയമാണ് ഹൈകോടതി ജഡ്ജിമാരുടെ പേര് നിയമനത്തിനായി സർക്കാറിന് കൈമാറുന്നത്.
വ്യത്യസ്ത അഭിപ്രായങ്ങൾ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാണെന്നും എന്നാൽ അത് പരിഹരിക്കാൻ മാർഗങ്ങളുണ്ടെന്നും മദ്രാസ് ഹൈകോടതി ജഡ്ജിയായുള്ള വിക്ടോറിയ ഗൗരിയുടെ നിയമനം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി കിരൺ റിജിജു പറഞ്ഞു.
വിക്ടോറിയ ഗൗരിയുടെ നിയമനം സാധാരണയുള്ള പ്രക്രിയയിലൂടെയാണ് സംഭവിച്ചതെന്നും അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിക്ടോറിയ ഗൗരിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് അംഗം ജവഹർ സിർക്കാറാണ് ചോദ്യമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.