ഡൽഹി ദുരന്തം: പി.ജി നയം കൊണ്ടുവരുമെന്ന് സർക്കാർ
ന്യൂഡൽഹി: ഡൽഹി സർവകലാശാല സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിൽ അഞ്ചുനില പേയിങ് ഗെസ്റ്റ് (പി.ജി) ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ പ്രതിഷേധം കനത്തതോടെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സർക്കാർ. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പി.ജി നയം കൊണ്ടുവരുമെന്ന് ഡൽഹി നഗരവികസന മന്ത്രി ആശിഷ് സൂദ് വ്യക്തമാക്കി. പി.ജി ലൈസൻസിങ്, സുരക്ഷാ ഓഡിറ്റ്, ഏകീകൃത നിരക്കുകൾ എന്നിവ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡൽഹി സർവകലാശാലയിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ടെങ്കിലും 7000 മുതൽ 8000 വരെ ഹോസ്റ്റൽ മുറികൾ മാത്രമാണുള്ളത്. ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഉയർന്ന വാടക നൽകി കാമ്പസിന് സമീപത്തെ പി.ജികളിൽ കഴിയുന്നത്.
അപകടവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. രാജ്യത്തുടനീളമുള്ള അനധികൃത നിർമാണങ്ങൾ, ഫയർ സേഫ്റ്റി, റെസിഡൻഷ്യൽ മേഖലകളുടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള നിയമവിരുദ്ധ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ, ഡൽഹി ഹൈകോടതി കേൾക്കുന്ന സത്യനികേതൻ വിഷയം സെപ്റ്റംബർ 10ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് പിടിയിലായ 81കാരനായ കെട്ടിട ഉടമ ഹരിറാം ഗുപ്ത, ഭാര്യ ഉർമിള (75) എന്നിവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും ഇവരുടെ മകൻ മഹേഷിനെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു. ബേസ്‌മെന്റിൽ അറ്റകുറ്റപ്പണി നടത്തിയ കരാറുകാരനെ ഉത്തപ്രദേശിൽനിന്ന് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു.
ദുരന്തബാധിതരായ വിദ്യാർഥികളുടെ പൂർണ ചികിത്സാച്ചെലവ് ഡൽഹി സർക്കാർ വഹിക്കുമെന്നും ദുരിതബാധിതർക്ക് സാമ്പത്തിക സഹായം നൽകുമെന്നും ആശുപത്രി സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. രക്ഷാപ്രവർത്തനം വൈകിയെന്നും നെറ്റ്‌വർക്ക് ജാമറുകൾ സ്ഥാപിച്ചെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ഉന്നയിച്ച ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു. മാധ്യമപ്രവർത്തകരും രക്ഷാപ്രവർത്തകരും തടസ്സമില്ലാതെ മൊബൈൽ സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.