സുപ്രീംകോടതി
മിനിമം ഉപഭോഗ ഗാരന്‍റി നിരക്ക്: വൈദ്യുതി വിതരണ കമ്പനിയുടെ അപ്പീൽ തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: രണ്ട് വർഷത്തെ പരിധിക്കപ്പുറമുള്ള വൈദ്യുതി ബിൽ കുടിശ്ശിക വീണ്ടെടുക്കണമെങ്കിൽ, അത് തുടർച്ചയായി വീണ്ടെടുക്കാവുന്ന കുടിശ്ശികയായി കാണിക്കണമെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശിലെ ദക്ഷിണാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡ് എന്ന വിതരണ കമ്പനിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എസ്.വി.എൻ ഭാട്ടിയയും എൻ.വി അൻജാരിയയും അടങ്ങുന്ന ബെഞ്ചിന്‍റെ നിരീക്ഷണം.
1998 ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഉപഭോഗ ഗാരന്‍റി ചാർജെന്ന നിലയിൽ മിനിമം 57,74,164 രൂപ വീണ്ടെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഉപഭോക്താക്കൾക്ക് അധികമായി 2000 കെ.വി.എ ലോഡ് വൈദ്യുതി വിതരണം ചെയ്യാമെന്നുള്ള വാഗ്‌ദാനത്തിന്‍റെ പേരിലാണ് ആവശ്യമെങ്കിലും അത് ഉപഭോക്താവിന് വിതരണം ചെയ്തെന്ന് കാണിക്കാൻ രേഖകൾ ഹാജരാക്കിയിട്ടില്ല.
ഇതുസംബന്ധിച്ച നേരത്തേ റിട്ട് ഹരജി തള്ളിയ അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. വാഗ്‌ദാനം ചെയ്ത 2000 കെ.വി.എ വൈദ്യുതി ഉപഭോക്താക്കൾക്ക് ഒരിക്കലും ലഭിച്ചില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. അതിനാൽ ആവശ്യം ഉന്നയിക്കുന്ന കാലയളവിൽ തുടർച്ചയായ കുടിശ്ശികയായി കണക്കാക്കാനാകില്ലെന്നായിരുന്നു വിശദീകരണം. അധികമായി വാഗ്‌ദാനം ചെയ്ത 2000 കെ.വി.എ സാധാരണ നൽകുന്ന പ്രതിമാസ വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അത് തുടർച്ചയായ കുടിശ്ശികയായി കണക്കാക്കാനുള്ള തെളിവില്ലെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.