ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്താൻ നയതന്ത്ര ബന്ധം തീർത്തും വഷളായിരിക്കെ, വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെയും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ശരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഗുട്ടെറസ് വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു. മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കരുതെന്ന് ഇരു രാജ്യങ്ങളോടും അദ്ദേഹം അഭ്യർഥിച്ചു. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ബ്രിട്ടന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഏപ്രില്‍ 22 ന് പഹല്‍ഗാമിലുണ്ടായത് ആസൂത്രിതമായ ആക്രമണമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത തടയാന്‍ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് അമേരിക്കയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തോട് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും, അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്'. ഗുട്ടെറസ്സുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.
ആക്രമണത്തിന് പിന്നില്‍ പാകിസ്താൻ പങ്ക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് ഗുട്ടെറസ്സുമായുള്ള സംഭാഷണത്തില്‍ നിഷേധിച്ചു. ഇന്ത്യ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം വേണം. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, കശ്മീര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ യു.എന്‍ ഇടപെടണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി യു.എന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.