കൊല്ലപ്പെട്ട ചോങ്തം വിക്രം സിങ്
ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞനെ ഡൽഹിയിൽ മർദിച്ചുകൊന്നു
ന്യൂഡൽഹി: വീടിന് സമീപം ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദനമേറ്റ് മരിച്ചു. ദക്ഷിണ ഡൽഹിയിലെ കിളോക്കരി ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. മണിപ്പൂരി സംഗീതജ്ഞനായ ചോങ്തം വിക്രം സിങ് ആണ് മരിച്ചത്.
വീടിന് പുറത്ത് ബഹളമുണ്ടാക്കിയ ആളുകളോട് ശബ്ദമുണ്ടാക്കരുതെന്ന് വിക്രം ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായതെന്ന് കുടുംബം പറഞ്ഞു. ബഹളമുണ്ടാക്കിയവരിൽ ഭൂരിഭാഗവും ഡെലിവറി ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. തർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയും വിക്രമിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
പരിക്കേറ്റ വിക്രമിനെ ഒഖ്‌ലയിലെ ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. ശക്തമായ മർദനത്തെ തുടർന്നുണ്ടായ രക്തസ്രാവവും ഷോക്കും ആണ് മരണകാരണമെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും ഒരു പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തതായും സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമീഷണർ വിനീത് കുമാർ അറിയിച്ചു.
മണിപ്പൂരിലെ റോക്ക് സംഗീതരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു വിക്രം. 1980കളുടെ തുടക്കത്തിൽ പ്രമുഖ റോക്ക് ബാൻഡായ ഫീനിക്സിന്റെ ലീഡ് ഗിറ്റാറിസ്റ്റായി പ്രവർത്തിച്ചു. അൾട്രാ വൈറസ് എന്ന ബാൻഡിലൂടെയാണ് സംഗീതജീവിതം ആരംഭിച്ചത്. പിന്നീട് ഈസ്റ്റേൺ ഡാർക്ക് ബാൻഡിലും പ്രവർത്തിച്ചു. മണിപ്പൂർ വിട്ടശേഷം ന്യൂഡൽഹിയിൽ സംഗീത അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.