യുനൈറ്റഡ് നേഷൻസ്: യുക്രെയ്നിൽ റഷ്യ നടത്തിയ അനധികൃത റഫറണ്ടത്തിനും യുക്രയ്നിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിനുമെതിരെ യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യയുടെ നിയമവിരുദ്ധ റഫറണ്ടങ്ങളെയും യുക്രെയ്നിലെ ഡൊണെറ്റ്സ്ക്, ഖേഴ്സൺ, ലുഹാൻസ്ക്, സപൊറിഷ്യ പ്രദേശങ്ങൾ അനധികൃതമായി പിടിച്ചെടുക്കാനുള്ള ശ്രമത്തെയും പൊതുസഭ അപലപിച്ചു.
193 അംഗ യു.എൻ. പൊതുസഭയിൽ 143 രാജ്യങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ റഷ്യ, ബെലറൂസ്, ഉത്തര കൊറിയ, സിറിയ, നികരാഗ്വ എന്നീ രാജ്യങ്ങൾ എതിർത്തു. ഇന്ത്യ, ചൈന, ക്യൂബ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം അടക്കം 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങിവരണമെന്ന നിലപാടാണ് ഇന്ത്യ എപ്പോഴും സ്വീകരിക്കുന്നതെന്നും ഇതിനായുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു. റഷ്യൻ റഫറണ്ടത്തെ അപലപിച്ച് കഴിഞ്ഞ മാസം, യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.