അഞ്ച് വർഷം പിന്നിട്ട ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ എടുത്തില്ല; ആശാറാമിന്റെ ശിക്ഷ ആറുമാസത്തേക്ക് തടഞ്ഞു

ന്യൂഡൽഹി: അഞ്ചു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ജെ.എൻ.യു വിദ്യാർത്ഥി ഉമർ ഖാലിദിന്റെ കേസ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് കേസ് വാദം കേൾക്കുന്നതിനായി മാറ്റിവെച്ച അതേ ദിവസം തന്നെ, 2013 ലെ ബലാത്സംഗ കേസിൽ വിവാദ ആൾദൈവം ആശാറാം ബാപ്പുവിന്റെ ശിക്ഷ ഗുജറാത്ത് ഹൈകോടതി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 

കേസ് മാറ്റിവച്ചതിനാൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് തുടരാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവരും. അടുത്ത ദിവസം ബെഞ്ച് പുനഃരാരംഭിക്കുമ്പോൾ, 2019ലെ ഡൽഹി കലാപ കേസിൽ വൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഉമറിനും മറ്റുള്ളവർക്കും ജാമ്യം നൽകുന്നതിനെതിരെ ഡൽഹി പൊലീസിന്റെ അഭിഭാഷകൻ വാദിക്കുമെന്നാണ് വിവരം. കേസിൽ ഒരു വിധ തെളിവും ഡൽഹി പൊലീസിന് ഇതുവരെ ഹാജറാക്കാനായിട്ടില്ല. എന്നിട്ടും ഉമർ അഞ്ച് വർഷത്തിലേറെയായി ഉയർന്ന സുരക്ഷയുള്ള തിഹാർ ജയിലിൽ തടവിൽ കഴിയുകയാണ്.

കഴിഞ്ഞ മാസം രാജസ്ഥാൻ ഹൈക്കോടതി ആശാറാമിനെ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇയാളുടെ ‘ആരോഗ്യസ്ഥിതി’ പരിഗണിച്ച് ചികിത്സിക്കാൻ ജയിലിൽ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം കണക്കിലെടുത്താണ് കോടതി ജാമ്യം നൽകിയത്. 2013ൽ ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 2018 ഏപ്രിലിൽ ജോധ്പൂർ സെഷൻസ് കോടതി ആശാറാമിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. 

വ്യാഴാഴ്ച രാവിലെ, ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് ഇലേഷ് ജെ. വോറ, ജസ്റ്റിസ് ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ, ആശാറാമിന്റെ അഭിഭാഷകൻ ദേവദത്ത് കാമത്ത് ശിക്ഷ താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള രാജസ്ഥാൻ ഹൈകോടതി ഉത്തരവ് സമർപ്പിച്ചു.

ഉത്തരവ് പരിശോധിച്ച ശേഷം, ’ഇതേ രീതിയിൽ തുടരാമെന്നും ആറ് മാസത്തിനുള്ളിൽ അതിൽ മാറ്റം വരുത്തും’ എന്ന് ബെഞ്ച് പറഞ്ഞതായി നിയമ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ആശാറാമിന്റെ ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിക്കണമെന്ന് കാമത്ത് കോടതിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഹാജരാക്കിയ സർട്ടിഫിക്കറ്റുകളിൽ ഇയാൾ ഗുരുതരാവസ്ഥയിലാണെന്ന് പറയുന്നില്ലെന്ന് ഇരയുടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി ഇളവ് അനുവദിക്കുകയായിരുന്നു.

Tags:    
News Summary - Umar Khalid's bail plea rejected after five years; Asaram's sentence stayed for six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.